നാണംകെട്ട്‌ ഗോതബായ ; നാടുവിടാനുള്ള ശ്രമത്തിന് തിരിച്ചടി



കൊളംബോ ജനരോഷം ഭയന്ന്‌ നാടുവിടാനുള്ള പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെയും കുടുംബത്തിന്റെയും ശ്രമത്തിന് തിരിച്ചടി. ദുബായിലേക്ക്‌ കടക്കാന്‍  കടുനായികെ വ്യോമകേന്ദ്രത്തിൽ എത്തിയ ഗോതബായയും ഭാര്യയും, വിമാനത്താവള ജീവനക്കാർ നിസ്സഹകരിച്ചതോടെ നാണംകെട്ട്‌ മടങ്ങി. ജനരോഷം ഭയന്ന്‌ സാധാരണ യാത്രക്കാരുടെ ഇമിഗ്രേഷൻ കൗണ്ടറിൽക്കൂടി പോകാൻ ഗോതബായയും സംഘവും വിസമ്മതിച്ചു. വിഐപി സ്യൂട്ടിലെത്തി ഇവരുടെ രേഖകൾ പരിശോധിക്കാൻ ഇമിഗ്രേഷൻ അധികൃതര്‍ വിസമ്മതിച്ചു. യുഎഇയിലേക്കുള്ള നാല്‌ വിമാനം പോയിട്ടും ജീവനക്കാര്‍ സഹകരിച്ചില്ല.  ഇതോടെ ഇരുവരും  നാവിക കേന്ദ്രത്തിലേക്ക്‌ മടങ്ങി. ഗോതബായ ഔദ്യോഗിക രാജിക്കത്ത്‌ തിങ്കളാഴ്ച മുതിർന്ന ഉദ്യോഗസ്ഥന്റെ കൈവശം കൊടുത്തുവിട്ടതായാണ്‌ വിവരം. 20ന്‌ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അമേരിക്കയും കൈവിട്ടു ; തടവിലാകുമെന്ന ഭീതിയിൽ ഗോതബായ കുടുംബം രാജ്യം വിടാനുള്ള അവസാന ശ്രമങ്ങളും പാളുന്നതോടെ തടവിലാകുമെന്ന ഭയത്തിൽ ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ. ദുബായിലേക്ക്‌ കടക്കാൻ വിമാനത്താവളത്തിൽവരെ എത്തിയെങ്കിലും ഇമിഗ്രേഷൻ ജീവനക്കാർ തടയിട്ടു. അതിനിടെ, അദ്ദേഹം അടുത്തിടെ നൽകിയ വിസ അപേക്ഷ അമേരിക്ക നിരസിച്ചതായ വാർത്തകളും പുറത്തുവന്നു. പ്രസിഡന്റിനെ അറസ്‌റ്റ്‌ ചെയ്യാൻ ശ്രീലങ്കൻ നിയമം അനുവദിക്കുന്നില്ല. ബുധനാഴ്ച സ്പീക്കർ ഗോതബായയുടെ രാജി പ്രഖ്യാപിക്കുന്നതോടെ ഈ സുരക്ഷ ഇല്ലാതാകും. തുടർന്ന്‌ തടഞ്ഞുവച്ചേക്കാനുള്ള സാധ്യതയും ഗോതബായ കുടുംബം മുന്നിൽ കാണുന്നു. കടൽ മാർഗം രാജ്യം വിടാനുള്ള അവസാന ശ്രമത്തിലാണ്‌ പ്രസിഡന്റ്‌. അതിനിടെ, തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാലേ രാജി വയ്ക്കൂ എന്ന്‌ ഗോതബായ ഉപാധിവച്ചതായും റിപ്പോർട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ പ്രതിപക്ഷവുമായി ചർച്ച നടക്കുന്നെന്നും പ്രതിപക്ഷ പാർടികളൊന്നും ഇതിനോട്‌ യോജിക്കുന്നില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഗോതബായയുടെ സഹോദരനും മുൻ മന്ത്രിയുമായ ബേസിലിനും ചൊവ്വാഴ്ച രാജ്യം വിടാനായില്ല. ദുബായിലേക്ക്‌ പോകാൻ പുലർച്ചെ 12.15ന്‌ വിഐപി ടെർമിനലിൽ എത്തിയ ബേസിലിന്റെ രേഖകൾ പരിശോധിക്കാൻ ഇമിഗ്രേഷൻ അധികൃതർ വിസമ്മതിച്ചു. വിമാനത്താവളത്തിൽ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ മറ്റുയാത്രക്കാർ പ്രതിഷേധിച്ചു. മുൻ ധനമന്ത്രിയായ ഇദ്ദേഹമാണ്‌ രാജ്യത്തിന്റെ പ്രതിസന്ധിക്ക്‌ പ്രധാന കാരണമെന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷ പാർടി എസ്‌ജെബിയുടെ നേതാവ്‌ സജിത്‌ പ്രേമദാസയെ അടുത്ത പ്രസിഡന്റ്‌ സ്ഥാനാർഥിയായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയ്ക്ക്‌ എയർമാർഷൽ സുദർശൻ പതിരണയുടെ സ്വകാര്യവസതിയിൽ അഭയം നൽകിയെന്ന വാർത്തയും ഇതിനിടെ പുറത്തുവന്നു. ഇത്‌ വ്യോമസേന നിഷേധിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News