മരവിച്ച് യുഎസ്, 
ക്യാനഡ ; 38 മരണം, മരണസംഖ്യ ഉയർന്നേക്കും



വാഷിങ്ടൺ കടുത്ത മഞ്ഞുവീഴ്‌ചയിലും ശീതക്കാറ്റിലും വിറങ്ങലിച്ച്‌ അമേരിക്കയും ക്യാനഡയും. കൊടും തണുപ്പും ശീതക്കാറ്റുംമൂലമുള്ള അപകടങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചത് 38 മരണം. യുഎസിൽ 34 പേരും ക്യാനഡയിൽ നാല്‌ പേരുമാണ്‌ മരിച്ചത്‌. മരണസംഖ്യ ഉയർന്നേക്കും. ​റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ  ക്രിസ്‌മസ്‌ ആഘോഷങ്ങൾ അലങ്കോലമായി. അഞ്ചരക്കോടിയിലേറെ അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍. രാജ്യത്ത് താപനില മൈനസ് 45 വരെ താഴ്ന്നു. രണ്ടരലക്ഷം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുത നിലയങ്ങൾ വ്യാപകമായി തകരാറിലായി. രക്ഷാപ്രവർത്തകർക്ക്‌ സ്ഥലത്തെത്താൻ സാധിക്കാത്തത് മരണസംഖ്യ കൂട്ടി.ന്യൂയോർക്കിലെ ബഫലോയില്‍ അതിശൈത്യം അതിതീവ്രം.ദേശീയപാതകൾ പലയിടത്തും അടച്ചിട്ടിരിക്കുകയാണ്‌. ആയിരക്കണക്കിന് വാഹനങ്ങൾ റോഡിൽ മഞ്ഞിൽ കുടുങ്ങി. റെയിൽ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. ദിവസവും രണ്ടായിരത്തിലേറെ വിമാന സർവീസ് റദ്ദാക്കുന്നു. മഞ്ഞുവീഴ്ച ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ ആവശ്യപ്പെട്ടു. ക്യാനഡയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ക്രിസ്‌മസ്‌ രാത്രിയില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്റർസിറ്റി ബസ് മറിഞ്ഞ്‌ നാല് പേര്‍ മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. Read on deshabhimani.com

Related News