സിഗ്നേച്ചർ ബാങ്കും തകർന്നു ; മാന്ദ്യഭീതിയിൽ അമേരിക്ക , 48 മണിക്കൂറിനിടെ അടച്ചുപൂട്ടുന്ന രണ്ടാമത്തെ ബാങ്ക്‌



വാഷിങ്ടൺ അമേരിക്കയിൽ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കു പിന്നാലെ ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കും പൂട്ടി. 48 മണിക്കൂറിനിടെ അടച്ചുപൂട്ടുന്ന അമേരിക്കയിലെ രണ്ടാമത്തെ ബാങ്കാണിത്‌. ഞായറാഴ്‌ച സിഗ്നേച്ചർ ബാങ്കിന്റെ നിയന്ത്രണം ഫെഡറൽ ഡിപ്പോസിറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷൻ (എഫ്‌ഡിഐസി) ഏറ്റെടുത്തു. 11000 കോടി ഡോളറിന്റെ ആസ്‌തിയും 8859 കോടി ഡോളർ നിക്ഷേപവുമുള്ളതാണ്‌ സിഗ്നേച്ചർ   ബാങ്ക്‌. വെള്ളിയാഴ്‌ചയാണ്‌ അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിൽ ഒന്നായ സിലിക്കൺ വാലി ബാങ്ക് പൂട്ടിയത്‌. രണ്ടു ബാങ്കിന്റെ തകർച്ചയെത്തുടർന്ന്‌ ഓഹരി വിപണിയും ഇടിഞ്ഞു. 2008ൽ ബാങ്കിങ് മേഖലയിലുണ്ടായ തകർച്ചയ്‌ക്കുശേഷമുള്ള സാമ്പത്തികമേഖലയിലെ കടുത്ത പ്രതിസന്ധിയാണ്‌ അമേരിക്ക ഇപ്പോൾ നേരിടുന്നത്‌. 2001ൽ പ്രവർത്തനം ആരംഭിച്ച സിഗ്നേച്ചർ ബാങ്ക്‌ ക്രിപ്‌റ്റോകറൻസി നിക്ഷേപകരിൽനിന്നും സ്റ്റാർട്ടപ്പുകളിൽനിന്നും നിക്ഷേപം സ്വീകരിക്കുന്ന പ്രധാന വാണിജ്യ ബാങ്കാണ്‌. അതിനിടെ സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തു.  നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രതികരിച്ചു. Read on deshabhimani.com

Related News