വിട പറഞ്ഞത്‌ ഇന്തോ–ജപ്പാൻ ബന്ധത്തിലെ സുപ്രധാന കണ്ണി



ന്യൂഡൽഹി ഇന്തോ–-ജപ്പാൻ ബന്ധത്തിലെ സുപ്രധാന കണ്ണിയാണ്‌ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗത്തിലൂടെ ഇരുരാജ്യങ്ങൾക്കും നഷ്‌ടമായത്‌. എക്കാലത്തും ഇന്ത്യയുടെ ഉറച്ച സുഹൃത്തായ ലോകനേതാവായിരുന്നു ഷിൻസോ അബെ. ഇന്തോ –-പസഫിക്കിലുള്ള ഇന്ത്യയുടെ സുപ്രധാന സ്ഥാനം എങ്ങനെ ജപ്പാന്‌ ഫലപ്രദമായി ഉപയോഗിക്കാമെന്ന്‌ തെളിയിച്ച നയതന്ത്രജ്‌ഞൻ കൂടിയായിരുന്നു അബെ. മൻമോഹൻ സിങ്ങിന്റെ കാലത്തുണ്ടായിരുന്ന ‘ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം’ പിന്നീട് 2014ൽ നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന്‌ പിന്നാലെ  ‘തന്ത്രപരവും ആഗോളവുമായ പ്രത്യേക പങ്കാളിത്തം’ആക്കി അബെ ഉയർത്തി. ബുള്ളറ്റ്‌ ട്രെയിനടക്കം ദശലക്ഷക്കണക്കിന്‌ രൂപയുടെ നിഷേപവും അടുത്ത വർഷങ്ങളിൽ പ്രഖ്യാപിച്ചു.  പ്രധാനമന്ത്രിയായ രണ്ടാം ഊഴത്തിലാണ്‌ ഇന്ത്യയുമായി സുദൃഢമായ സഹകരണമെന്ന നയത്തിലേക്ക്‌ അബെ ചുവടുമാറ്റിയത്‌. എല്ലാ മേഖലയിലും കൂടുതൽ സഹകരണമുറപ്പാക്കുന്ന "ജപ്പാൻ ആൻഡ് ഇന്ത്യ വിഷൻ 2025’ എന്ന വൻ പദ്ധതിക്കും അബെ മുൻകൈയെടുത്തു. 2014ൽ റിപ്പബ്ലിക്‌ പരേഡിൽ മുഖ്യാതിഥിയായി ചൈനീസ്‌ വിരുദ്ധ മുന്നണിയായെത്തിയ അബെ ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത ഏക ജപ്പാൻ പ്രധാനമന്ത്രിയാണ്‌. അമേരിക്കൻ ചട്ടക്കൂടിലുള്ള സൈനികശേഷിയിൽനിന്ന്‌ മാറി സ്വതന്ത്രനയത്തിലേക്ക്‌ അബെ മാറിയപ്പോഴും ഇന്ത്യയെ അദ്ദേഹം ഉറച്ച പങ്കാളിയായി കണ്ടു. രണ്ടാംലോകയുദ്ധശേഷം ജപ്പാൻ ആദ്യമായി സമാധാനക്കരാർ ഒപ്പിടുന്നതും ഇന്ത്യയുമായാണ്‌. ദ്വീപ്‌ തർക്കങ്ങളിൽ ഇന്ത്യൻ പിന്തുണ അന്താരാഷ്‌ട്ര വേദികളിൽ ഉറപ്പാക്കുന്നതിനുകൂടിയായിരുന്നു സൈനിക–-സാമ്പത്തിക കരാറുകൾ. വർഷങ്ങളായി ഇന്ത്യക്ക്‌ നിഷേധിക്കപ്പെട്ട ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പിലേക്കുള്ള അംഗത്വം നേടിത്തരുന്നതിൽ മുൻപന്തിയിൽനിന്ന അബെ, ചൈനീസ്‌ വിരുദ്ധ മുന്നണിയായ ക്വാഡിലും ഇന്ത്യൻ സാന്നിധ്യമുറപ്പാക്കി. രാഷ്‌ട്രീയത്തിനപ്പുറം ഇന്ത്യൻ മധുരപലഹാരങ്ങളോട്‌ വലിയ ഇഷ്‌ടവും അദ്ദേഹം പ്രകടിപ്പിച്ചു. ലോകത്തെ ഏത്‌ വൻ ശക്തിയുമായുള്ള ബന്ധത്തേക്കാളും ഇന്ത്യയുമായുള്ള സഹകരണത്തെയാണ്‌ അബെ വിലമതിച്ചതെന്ന്‌ ജപ്പാൻ മാധ്യമങ്ങളും പലവട്ടം എഴുതി.       Read on deshabhimani.com

Related News