അഫ്‌ഗാനിലെ തിരിച്ചടി, സാമ്പത്തിക മാന്ദ്യം, ചൈന സംഘർഷം ; തിരിച്ചടികളിൽനിന്ന്‌ മുഖം രക്ഷിക്കാനുള്ള അമേരിക്കയുടെ കൺകെട്ട്‌



വാഷിങ്‌ടൺ അൽ ഖായ്‌ദ മേധാവിയുടെ വധത്തെ വിജയമായി അമേരിക്ക കൊണ്ടാടുമ്പോഴും അടുത്തിടെയുണ്ടായ തിരിച്ചടികളിൽനിന്ന്‌ മുഖം രക്ഷിക്കാനുള്ള ശ്രമമാണ്‌ ഇതെന്ന ആരോപണവും ഉയരുന്നു. 9/11 ആക്രമണത്തിന്‌ പ്രതികാരമെന്ന പേരിൽ അഫ്‌ഗാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിൽനിന്ന്‌ തോറ്റ്‌ പിൻവാങ്ങേണ്ടി വന്നതിന്റെ നാണക്കേട്‌ ഇനിയും പ്രസിഡന്റ്‌ ജോ ബൈഡനെയും കൂട്ടരെയും വിട്ടുമാറിയിട്ടില്ല. രണ്ടു പതിറ്റാണ്ട്‌ നീണ്ട അധിനിവേശത്തിനൊടുവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക–- സൈനികശക്തികളിൽ ഒന്നായ അമേരിക്ക ഫലത്തിൽ താലിബാനെ തിരികെ ഭരണം ഏൽപ്പിച്ചാണ്‌ അഫ്‌ഗാനിൽനിന്ന്‌ പിൻവാങ്ങിയത്. രാജ്യത്ത്‌ ഉടൻ അൽ ഖായ്‌ദ സജീവമാകുമെന്ന്‌ സമ്മതിക്കേണ്ടിയും വന്നു. അധിനിവേശ കാലയളവിൽ മറ്റ്‌ ഭൂഖണ്ഡങ്ങളിലേക്കും അൽ ഖായ്‌ദ പ്രവർത്തനം വ്യാപിപ്പിച്ചപ്പോഴും നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നതായ റിപ്പോർട്ടുകൾക്കിടയിൽ ജനവിശ്വാസം വീണ്ടെടുക്കാൻ ബൈഡന്‌ ലഭിച്ച കച്ചിത്തുരുമ്പുകൂടിയാണ്‌ സവാഹിരി. മാന്ദ്യത്തിൽനിന്ന്‌ ലോകശ്രദ്ധ തിരിച്ച്‌ അമേരിക്കക്കാരുടെ വിശ്വാസം വീണ്ടും പിടിച്ചെടുക്കാൻ മറ്റ്‌ ഭരണാധിപരെപ്പോലെതന്നെ തീവ്രവാദ വിരുദ്ധ പരിവേഷം വേണ്ടവിധം ഉപയോഗിക്കുകയാണ്‌ ബൈഡനും. ചൈനയുമായുള്ള സംഘർഷം രൂക്ഷമായി തുടരവെ, ഏഷ്യയിൽ ഇടപെടുന്ന പ്രബലശക്തിയാണ്‌ ഇപ്പോഴും തങ്ങളെന്ന പ്രതീതി സൃഷ്‌ടിക്കുകകൂടിയാണ്‌  അമേരിക്കൻ ലക്ഷ്യം. ഏഷ്യയിൽ വർധിച്ചുവരുന്ന ചൈനീസ്‌ സ്വാധീനം തടയാനുള്ള വിവിധ സഖ്യനീക്കങ്ങൾക്കൊപ്പമാണ്‌ ഈ നീക്കവും. Read on deshabhimani.com

Related News