സൗദി വിദേശ മന്ത്രി സിറിയയിൽ



ഡമാസ്കസ്‌ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഡമാസ്കസിലെത്തി സിറിയൻ പ്രസിഡന്റ്‌ ബാഷർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സിറിയയുടെ നയതന്ത്രപരമായ ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സന്ദർശനം. 2011ൽ പ്രക്ഷോഭകരെ അടിച്ചമർത്തിയ ബാഷർ അൽ അസദിന്റെ നടപടിയെ തുടർന്ന്‌ അറബ്‌ ലീഗിലെ സിറിയയുടെ അംഗത്വം റദ്ദാക്കിയിരുന്നു. സൗദി അറേബ്യ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങൾ അസദിനെ പുറത്താക്കാനായി പ്രവർത്തിച്ച വിമതസംഘങ്ങളെ പിന്തുണയ്ക്കാനും തുടങ്ങി. ഇതിനുശേഷം ആദ്യമായാണ്‌ സൗദി അറേബ്യൻ വിദേശ മന്ത്രി സിറിയ സന്ദർശിക്കുന്നത്‌. അടുത്തിടെ ചൈനയുടെ മുൻകൈയിൽ നടത്തിയ ചർച്ചയിലാണ്‌ സിറിയയും സൗദി അറേബ്യയും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായത്‌. എംബസികൾ തുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. അറബ്‌ ലീഗ്‌ ഉച്ചകോടിയിലേക്ക് അസദിനെ ക്ഷണിക്കാനാണ്‌ സൗദി വിദേശ മന്ത്രി എത്തിയതെന്നും റിപ്പോർട്ടുണ്ട്‌.സിറിയൻ വിദേശ മന്ത്രി അടുത്തിടെ സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. യുഎഇയും ഡമാസ്കസുമായുള്ള ബന്ധം മെച്ചപ്പെടുത്തി. ഖത്തർ മാത്രമാണ്‌ രാജ്യത്തിന്റെ അറബ്‌ ലീഗ്‌ പുനപ്രവേശത്തെ എതിർക്കുന്നത്‌. Read on deshabhimani.com

Related News