ബഖ്‌മുതില്‍ അന്ത്യയുദ്ധം ; ആണവനിലയം 
പ്രതിസന്ധിയില്‍



കീവ്‌ കിഴക്കൻ ഉക്രയ്‌നിലെ തന്ത്രപ്രധാന ​ന​ഗരമായ ബഖ്‌മുതിന്റെ കിഴക്കൻ പ്രദേശം  പിടിച്ചെടുത്തതായി റഷ്യ. ഇക്കാര്യം പടിഞ്ഞാറന്‍ വാര്‍ത്തഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകളായി  ബഖ്‌മുത്‌ വളഞ്ഞ റഷ്യൻ സൈന്യം നഗരത്തിന്റെ വടക്ക്‌ കിഴക്കൻ മേഖലയായ ഒറിഖോവോ വസിലിവ്‌കയില്‍ മുപ്പതോളം ആക്രമണങ്ങൾ നടത്തി. എഴുപതിനായിരത്തോളം പേരാണ് ബഖ്‌മുതിൽ താമസിക്കുന്നത്‌. മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിൽ കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ ഒമ്പത്‌ പ്രദേശവാസികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്‌. ബഖ്‌മുത്‌ നഗരം ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യയുടെ കൈകളിലേക്ക്‌ എത്തിയേക്കുമെന്ന്‌ നാറ്റോ  സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്‌ മുന്നറിയിപ്പ് നൽകി. സ്റ്റോക്ക്‌ഹോമില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിരോധമന്ത്രിമാരുടെ യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രയ്‌ന്‌ സഹായം നല്‍കുന്നത് തുടരാന്‍ അംഗരാജ്യങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അതേസമയം,   ഉക്രയ്‌ൻ തലസ്ഥാനമായ കീവിലെത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി. കരിങ്കടൽ വഴിയുള്ള ധാന്യനീക്കം സുഗമമാക്കുന്നത്‌ സംബന്ധിച്ചായിരുന്നു ചർച്ച. തടസ്സങ്ങളില്ലാതെ ധാന്യനീക്കം നടക്കേണ്ടത്‌ ലോകത്തിന്റെ ആവശ്യമാണെന്ന്‌ ഗുട്ടെറസ്‌ പറഞ്ഞു. യുഎസ്‌ പ്രതിനിധിസഭാ സ്‌പീക്കർ കെവിൻ മക്കാർത്തിയെ സെലൻസ്‌കി ഉക്രയ്‌നിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. ആണവനിലയം 
പ്രതിസന്ധിയില്‍ റഷ്യൻ ആക്രമണത്തെ തുടർന്ന്‌ ഉക്രയ്‌നിൽ പലയിടത്തും വൈദ്യുതി നിലച്ചത്‌ സപൊറിഷ്യ ആണവനിലയത്തിന്റെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. ആണവസുരക്ഷ ഉറപ്പാക്കാൻ ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമാണന്ന്‌ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി ഡയറക്‌ടർ ജനറൽ റഫാൽ ഗ്രോസി പറഞ്ഞു. വ്യാഴം രാത്രിയോടെ സപൊറിഷ്യ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായതായാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News