കരിങ്കടൽവഴിയുള്ള ധാന്യക്കയറ്റുമതി ; കരാറില്‍നിന്ന് പിന്മാറി റഷ്യ



മോസ്‌കോ ക്രിമിയയിലെ തുറമുഖ നഗരമായ സെവാസ്റ്റോപോളിനുനേരെ നടന്ന ഉക്രയ്‌ൻ സേനയുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ കരിങ്കടൽവഴിയുള്ള ധാന്യനീക്ക കരാറിൽനിന്ന്‌ റഷ്യ പിന്മാറിയത്‌ ഉക്രയ്‌ന്‌ വലിയ തിരിച്ചടിയാകും. റഷ്യ ധാന്യക്കയറ്റുമതി കരാറിൽനിന്ന്‌ പിന്മാറിയതോടെ ഉക്രയ്‌ന്‌ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ കരിങ്കടൽവഴി കൊണ്ടുപോകുന്നതിന്‌ തടസ്സം നേരിടും. ഭക്ഷ്യസാധനങ്ങളുടെ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും ഇത് ഇടയാക്കിയേക്കും. ഉക്രയ്‌ൻ–- റഷ്യ സംഘർഷത്തെതുടർന്നാണ്‌ കരിങ്കടൽ തുറമുഖങ്ങൾ വഴിയുള്ള ധാന്യക്കടത്ത്‌ നിലച്ചത്‌. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശപ്രകാരം തുർക്കിയയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്‌ ധാന്യനീക്കം പുനരാരംഭിച്ചത്‌. റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയ മേഖലയിലെ ഏറ്റവും വലിയ നഗരമാണ്‌ സെവാസ്റ്റോപോൾ. സെവാസ്റ്റോപോളിനു നേരെ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടന്നതിനു പിന്നാലെയാണ്‌ റഷ്യ ധാന്യനീക്ക കരാറിൽനിന്ന്‌ പിന്മാറിയത്‌.  ധാന്യനീക്കം പുനരാരംഭിച്ചശേഷം ഉക്രയ്‌നിൽനിന്ന്‌ കയറ്റുമതി ചെയ്‌ത 97 ശതമാനം ധാന്യങ്ങളും വികസിത സമ്പന്ന രാജ്യങ്ങളിലേക്കാണ്‌ പോയത്. സൊമാലിയ, എത്യോപ്യ, യമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ ഉക്രയ്‌നിൽനിന്നുള്ള ധാന്യനീക്കം മൂന്നു ശതമാനം മാത്രമായിരുന്നു. Read on deshabhimani.com

Related News