ക്രിമിയയിൽ 
ഉക്രയ്‌ൻ ആക്രമണം ; 9 യുദ്ധവിമാനം തകർത്തു



കീവ്‌ റഷ്യയുടെ ഭാഗമായ ക്രിമിയയിലെ സാകി വ്യോമതാവളത്തിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ റഷ്യയുടെ ഒമ്പത്‌ യുദ്ധവിമാനം തകർന്നതായി ഉക്രയ്‌ൻ വ്യോമസേന. തങ്ങളാണ്‌ ആക്രമണം നടത്തിയതെന്ന്‌ പരസ്യമായി സമ്മതിക്കാതെയായിരുന്നു വെളിപ്പെടുത്തൽ. ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിന്‌ മണിക്കൂറുകൾക്കുശേഷം നടത്തിയ പ്രതിദിന ടിവി അഭിസംബോധനയിൽ റഷ്യ ക്രിമിയയിൽ ആരംഭിച്ച യുദ്ധം ക്രിമിയയെ തിരിച്ചുപിടിച്ച്‌ അവസാനിപ്പിക്കുമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. 2014ലാണ്‌ ഹിതപരിശോധനയിലൂടെ ക്രിമിയൻ ദ്വീപിനെ റഷ്യ തങ്ങളുടെ ഭാഗമാക്കിയത്‌. ക്രിമിയയിൽത്തന്നെയുള്ള ഗറില്ല പോരാളികളായിരിക്കാം ആക്രമണത്തിന്‌ പിന്നിലെന്ന്‌ സെലൻസ്കിയുടെ ഉപദേശകൻ ഒലെസക്സി അരെസ്‌റ്റോവിച്ച്‌  പറഞ്ഞു. ക്രിമിയയിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന്‌ റഷ്യ ആവർത്തിച്ച്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. വ്യോമതാവളത്തിലെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 13 പേർക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി മധ്യ ഉക്രയ്‌നിലെ നിപ്രോപെട്രോവ്‌സ്കിലേക്ക്‌ റഷ്യ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്‌. 21 പേർ കൊല്ലപ്പെട്ടെന്ന്‌ നഗരത്തിന്റെ മേയർ പറഞ്ഞു. Read on deshabhimani.com

Related News