റഷ്യന്‍ തെരഞ്ഞെടുപ്പ്: കമ്യൂണിസ്റ്റ് പാര്‍ടിക്ക് വന്‍മുന്നേറ്റം



മോസ്കോ > റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ റഷ്യൻ ഫെഡറേഷന്‌ (കെപിആർഎഫ്‌) വൻ മുന്നേറ്റം. 57 സീറ്റിൽ വിജയിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 42നേക്കാൾ  15 സീറ്റാണ്‌ അധികം നേടിയത്‌. വോട്ട്‌ ശതമാനത്തിലും മുന്നേറ്റമുണ്ടായി. കഴിഞ്ഞ തവണ 13 ശതമാനംമായിരുന്നത്‌ ഇത്തവണ 19 ശതമാനമായി. യകൂതിയ ഉൾപ്പെടെയുള്ള കിഴക്കൻമേഖലയിൽ  പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനത്തിലധികം നേടി. പ്രധാന പ്രതിപക്ഷമായ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌ സീറ്റിലും വോട്ടിങ്‌ ശതമാനത്തിലും രണ്ടാം സ്ഥാനത്ത്‌. 51.6 ശതമാനമായിരുന്നു പോളിങ്ങ്‌. പോൾ ചെയ്‌തതിൽ 49.82 ശതമാനം നേടിയാണ്‌ ഭരണകക്ഷിയായ യുണൈറ്റഡ്‌ റഷ്യ ഭരണം നിലനിർത്തിയത്‌. 324 സീറ്റ്‌ നേടി. 2016നേക്കാൾ 19 സീറ്റ്‌ കുറഞ്ഞു. ഡ്യൂമയിൽ ആകെ 450 സീറ്റാണുള്ളത്‌. നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ നടന്ന 225 സീറ്റിൽ 198ലും യുണൈറ്റഡ്‌ റഷ്യ ജയിച്ചു. തെരഞ്ഞെടുപ്പിൽ തിരിമറിയുണ്ടായെന്ന ആരോപണം ശക്തമാണ്‌. കമ്യൂണിസ്റ്റ്‌ പാർടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പോളിങ്‌ ദിനങ്ങളിൽത്തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. ജനങ്ങൾ ചതിക്കപ്പെട്ടെന്നും ക്രമക്കേട്‌ മറച്ചുവയ്ക്കാൻ കപട പ്രചാരണം നടത്തുകയാണെന്നും കമ്യൂണിസ്റ്റ്‌ പാർടി ചെയർമാൻ  ഗെന്നഡി സ്യുഗാനോവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ തിരിമറികളിൽ പ്രതിഷേധിച്ച്‌ പാർടി മോസ്കോയിലെ പുഷ്കിൻ ചത്വരത്തിൽ  പ്രകടനം നടത്തി. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിന്‌ ആളുകൾ പങ്കെടുത്തു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഇരുന്നൂറോളം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനാർഥികളിൽ ഓൺലൈൻ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ പെട്ടെന്ന്‌ പിന്നിലായത്‌ അട്ടിമറിയാണെന്ന്‌ പാർടി കേന്ദ്ര കമ്മിറ്റി അംഗം ദിമിത്രി നോവികോവ്‌ പറഞ്ഞു. ഇ–- വോട്ടിങ്‌ ഫലം അംഗീകരിക്കില്ല. രാജ്യത്തെയും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്ന്‌ സ്യുഗാനോവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ടിയായ എല്‍ഡിപിആറും, മധ്യ ഇടതുപക്ഷ പാര്‍ടിയായ ഫെയര്‍ റഷ്യയും 7.5% വോട്ടുകളാണ് നേടിയത്. Read on deshabhimani.com

Related News