ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് അന്തരിച്ചു



ബാഗ്ദാദ്> ‘വിപ്ലവ കവി’ എന്നറിയപ്പെടുന്ന ഇറാഖി കമ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് (88) അന്തരിച്ചു. വെള്ളിയാഴ്‌ച യുഎഇയിൽ ആയിരുന്നു അന്ത്യം. 1934ൽ ബാഗ്ദാദിലെ പ്രമുഖ ഇന്ത്യൻ വംശജകുടുംബത്തിൽ ജനിച്ച അൽ നവാബ്, അറബ് സ്വേച്ഛാധിപത്യത്തിനെതിരായ വിമർശന കവിതകളാൽ ചെറുപ്പംമുതലേ പ്രശസ്‌ത‌നായിരുന്നു. യൂണിവേഴ്‌സിറ്റി പഠനത്തിനുശേഷം അധ്യാപകനായി ജോലി ചെയ്‌ത അദ്ദേഹത്തെ രാഷ്‌‌ട്രീയ കാരണങ്ങളാല്‍ പിന്നീട് പിരിച്ചുവിട്ടു. കോളേജ് പഠനകാലത്തുതന്നെ ഇറാഖി കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായിരുന്നു. 1963ലെ കമ്യൂണിസ്റ്റ് വേട്ടയെത്തുടർന്ന് രാജ്യം വിടേണ്ടിവന്നു. ഇറാനിലേക്ക് കടന്ന അദ്ദേഹത്തെ വീണ്ടും ഇറാഖിലേക്ക് നാടുകടത്തി. ഒരു കവിതയുടെ പേരില്‍ ഇറാഖി കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. ജയില്‍ ചാടിയ മുസഫർ അല്‍ നവാബ് രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ജീവിതത്തിന്റെ നല്ലൊരുകാലം വിവിധ രാജ്യത്തിൽ ഒളിവിലായിരുന്നു.  പ്രവാസ കാലഘട്ടങ്ങളിലും നിലപാടുകളിൽ ഉറച്ചുനിന്നു. വിപ്ലവ കവിതകളും അറബ് ഏകാധിപതികളോടുള്ള വിമർശവുമാണ്‌ നവാബിനെ ജനപ്രിയനാക്കിയത്‌.    2011ലാണ് അവസാനമായി ഇറാഖ്‌ സന്ദർശിച്ചത്‌. യുഎഇയിൽനിന്ന്‌ മൃതദേഹം ഇറാഖിന്റെ ഔദ്യോഗിക വിമാനത്തിൽ നാട്ടിലെത്തിച്ചു. ഇറാഖിലെ ജനറല്‍ യൂണിയന്‍ ഓഫ് ലിറ്ററേച്ചര്‍ ആൻഡ് ബുക്‌സിന്റെ ആസ്ഥാനത്തു നിന്നാരംഭിച്ച വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നജാഫിൽ ഉമ്മയുടെ കബറിനു സമീപമാണ്‌ മുസഫർ അല്‍ നവാബിനെയും അടക്കംചെയ്‌തത്‌. Read on deshabhimani.com

Related News