റഷ്യയിൽ ചേരണോ ; ഉക്രയ്‌നിൽ ഹിതപരിശോധന



കീവ്‌ ഉക്രയ്‌നിലെ വിവിധ മേഖലയിൽ റഷ്യയിൽ ചേരുന്നത്‌ സംബന്ധിച്ച ഹിതപരിശോധനയ്ക്ക്‌ തുടക്കം. ഡൊൺബാസ്‌ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ഡൊണെട്‌സ്ക്‌, ലുഹാൻസ്ക്‌ എന്നിവയിലും യുദ്ധത്തിൽ റഷ്യൻ നിയന്ത്രണത്തിലായ ഖെർസൺ, സപൊറീഷ്യ എന്നിവിടങ്ങളിലുമാണ്‌ ഹിതപരിശോധന. ഈ മേഖലകൾ ചേരുന്ന ഉക്രയ്‌ന്റെ 15 ശതമാനം വരുന്ന ഭൂപ്രദേശം തങ്ങളുടെ ഭാഗമാകുന്നതോടെ ഇവയെ പ്രതിരോധിക്കാൻ ഏതറ്റംവരെയും പോകാമെന്നാണ്‌ റഷ്യയുടെ നിലപാട്. ലുഹാൻസ്ക്‌, ഡൊണെട്സ്ക്‌ സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ ഭരണനേതൃത്വം റഷ്യൻ അനുകൂലമാണ്. ഖെർസണിലും ഹിതപരിശോധനാഫലം റഷ്യക്ക്‌ അനുകൂലമാകാനാണ്‌ സാധ്യത. ഇവിടെ റഷ്യൻ മാതൃകയിലുള്ള വിദ്യാഭ്യാസം ഉൾപ്പെടെയുള്ള നടപടികൾക്ക്‌ മുമ്പേ തുടക്കം കുറിച്ചിരുന്നു. എന്നാൽ, ജനങ്ങളെ റഷ്യ ഭീഷണിപ്പെടുത്തി വോട്ട്‌ ചെയ്യിക്കുകയാണെന്നും ഹിതപരിശോധന നടക്കുന്ന നാലുദിവസം പ്രദേശം വിട്ടുപോകുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉക്രയ്‌ൻ ആരോപിച്ചു.  2014ൽ സമാനമായ ഹിതപരിശോധനയിലൂടെയാണ്‌ ക്രിമിയ റഷ്യയുടെ ഭാ​ഗമായത്. Read on deshabhimani.com

Related News