ബൈഡൻ ഇല്ല, 
ക്വാഡ്‌ ഉച്ചകോടി മാറ്റി



മെൽബൺ അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഓസ്‌ട്രേലിയൻ സന്ദർശനം മാറ്റിവച്ചതോടെ സിഡ്‌നിയിൽ 24ന്‌ നടക്കാനിരുന്ന ക്വാഡ്‌ നേതൃതല ഉച്ചകോടി മാറ്റി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ്‌ ഉച്ചകോടി മാറ്റിവച്ചതായി അറിയിച്ചത്‌. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ മാറ്റമുണ്ടായേക്കില്ലെന്നും പറഞ്ഞു. സിഡ്‌നി ഉച്ചകോടിക്ക്‌ പകരം ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി ഏഴ്‌ ഉച്ചകോടിക്കിടെ ക്വാഡ്‌ അംഗരാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ്‌ ഓസ്‌ട്രേലിയ സന്ദർശനത്തിൽനിന്ന്‌ പിന്മാറുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചത്‌. പാപുവ ന്യൂ ഗിനിയ സന്ദർശനവും ഒഴിവാക്കി. വരാനിരിക്കുന്നത്‌ വലിയ പ്രതിസന്ധി പ്രതിപക്ഷമായ റിപ്പബ്ലിക്കന്മാരുമായി ചർച്ച ചെയ്ത്‌ രാജ്യത്തിന്റെ കടമെടുപ്പ്‌ പരിധി ഉയർത്താനുള്ള ശ്രമത്തിലാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ചരിത്രത്തിലാദ്യമായി വായ്‌പ തിരിച്ചടവ്‌ മുടങ്ങുന്ന സ്ഥിതിയിലായ അമേരിക്കയിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനായാണ്‌ ഓസ്‌ട്രേലിയൻ സന്ദർശനം റദ്ദാക്കിയത്‌. ജൂൺ ഒന്നിന്‌ മുമ്പായി വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ വൻ പ്രതിസന്ധിയാകും ലോകത്തെ വമ്പൻ സാമ്പത്തികശക്തിയായ അമേരിക്കയ്ക്ക്‌ മുന്നിലുണ്ടാകുകയെന്ന്‌ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്‌ പറഞ്ഞു. അമേരിക്കയിലെ സാമ്പത്തി പ്രതിസന്ധി ലോകത്തെയാകെ ബാധിക്കുമെന്ന്‌ അടുത്തിടെ ചേർന്ന ജി ഏഴ്‌ ധനമന്ത്രിമാരുടെ ഉച്ചകോടിയും വിലയിരുത്തിയിരുന്നു. അമേരിക്കയുടെ നിലവിലെ കടമെടുപ്പ്‌ പരിധി 31 ലക്ഷം കോടി ഡോളറിലധികമാണ്‌. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആകെ മൂല്യത്തേക്കാൾ വളരെ കൂടുതൽ. ജനുവരി 19നാണ്‌ രാജ്യം അതിന്റെ കടമെടുപ്പ്‌ പരിധിയുടെ പരമാവധിയിൽ എത്തിയത്‌. കടമെടുപ്പ്‌ പരിധി ഉയർത്തുന്നതിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും സമവായത്തിൽ എത്തിയില്ലെങ്കിൽ ആദ്യമായി രാജ്യത്തിന്റെ വായ്പാ തിരിച്ചടവ്‌ മുടങ്ങും. സാമ്പത്തികമാന്ദ്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക്‌ രാജ്യം നീങ്ങും. 1960നുശേഷം അമേരിക്ക 78 പ്രാവശ്യം കടമെടുപ്പ്‌ പരിധി ഉയർത്തിയതായാണ്‌ കണക്ക്‌. പ്രതിനിധിസഭയിൽ ഭൂരിപക്ഷം നഷ്ടമായതാണ്‌ ജോ ബൈഡനെയും ഡെമോക്രാറ്റുകളെയും പ്രതിസന്ധിയിലാക്കിയത്‌. ചെലവ്‌ ചുരുക്കാതെ വായ്പാ പരിധി ഉയർത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ റിപ്പബ്ലിക്കന്മാർ. ഓസ്‌ട്രേലിയൻ സന്ദർശനം ഉപേക്ഷിച്ച ബൈഡൻ പ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. Read on deshabhimani.com

Related News