ക്വാഡ്‌ സൈനിക സഹകരണ ഉച്ചകോടി ഇന്ന്‌



ടോക്യോ ചൈനയെ ലക്ഷ്യംവച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട തന്ത്രപ്രധാന സൈനിക സഹകരണ കൂട്ടായ്‌മായ ക്വാഡ് ഉച്ചകോടി ചൊവ്വാഴ്‌ച ജപ്പാനിലെ ടോക്യോയിൽ ചേരും. യുഎസ്‌, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ  കൂട്ടായ്‌മയാണ്‌ ക്വാഡ്‌. ഇന്തോ–- പസഫിക്‌ മേഖലയിലെ സ്ഥിതിഗതികളും ക്വാഡ്‌ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്‌ എന്നിവർ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണമനുസരിച്ച്‌ ടോക്യോയിൽ എത്തി. തിങ്കളാഴ്‌ച ടോക്യോയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു. സുസുക്കിയടക്കം ജപ്പാനിലെ പ്രമുഖ കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി. യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്‌, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്‌ച നടത്തും. Read on deshabhimani.com

Related News