പ്രചണ്ഡ മൂന്നാം തവണയും നേപ്പാള്‍ പ്രധാനമന്ത്രി

Photo Credit: Comrade Prachanda/Twitter


കാഠ്‌മണ്ഡു നേപ്പാളിൽ നേപ്പാളി കമ്യൂണിസ്റ്റ്‌ പാർടി (മാവോയിസ്റ്റ്‌) ചെയർമാൻ പുഷ്പകമൽ ദഹൽ (പ്രചണ്ഡ) മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ബിദ്യദേവി ഭണ്ഡാരി പ്രചണ്ഡയ്‌ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.    275 അംഗ ജനപ്രതിനിധി സഭയിൽ 169 അംഗങ്ങളുടെ പിന്തുണ ഉറപ്പായതോടെയാണ്‌ പ്രചണ്ഡ പ്രധാനമന്ത്രി പദവിയിലേക്ക്‌ എത്തിയത്‌. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-–- ലെനിനിസ്റ്റ്) പുറത്തുവന്ന്‌ പ്രചണ്ഡയ്‌ക്ക്‌ പിന്തുണ നൽകിയതോടെയാണ്‌ രാഷ്‌ട്രീയ അനിശ്ചിതത്വത്തിന്‌ വിരാമമായത്‌. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.   2006ലാണ് സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സര്‍ക്കാരുമായി സമാധാന സന്ധി ഒപ്പിട്ട്‌ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി പൊതുധാരയിലേക്ക് കടന്നുവന്നത്.  2018-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെ പി ഒലിയുടെയും പുഷ്പകമല്‍ ദഹലിന്റെയും നേതൃത്വത്തിലുള്ള  ഇരു കമ്യൂണിസ്റ്റ്‌ പാർടികളും ലയിച്ചിരുന്നു. പിന്നീട്‌ ഈ കൂട്ടുകെട്ട്‌ ഉപേക്ഷിച്ചു. ഇത്തവണ ഇരു പാർടിയും ഇരുസഖ്യത്തിലാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഫലപ്രഖ്യാപനശേഷം ഒന്നിച്ചു. ആദ്യ രണ്ടരവർഷം പ്രചണ്ഡ പ്രധാനമന്ത്രിയാകുമെന്നാണ്‌ ധാരണ. ഉപ പ്രധാനമന്ത്രിയായി രാഷ്ട്രീയ സ്വതന്ത്ര പാർടി നേതാവ് റബി ലമിച്ചാനെ നിയമിച്ചു. Read on deshabhimani.com

Related News