പൊലീസ് ക്രൂരത; യുഎസില്‍ രോഷാ​ഗ്നി

ടയർ നിക്കോൾസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മെംഫിസിൽ നടന്ന മാർച്ച്


വാഷിങ്‌ടൺ> കറുത്ത വംശജനായ യുവാവിനെ പൊലീസ്‌ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. ടെന്നിസിയിലെ മെംഫിസിൽ ടയർ നിക്കോൾസ്‌ എന്ന ഇരുപത്തൊമ്പതുകാരനെയാണ്‌ പൊലീസ്‌ കൊലപ്പെടുത്തിയത്‌. ജനുവരി ഏഴിന്‌ മർദനവും തുടര്‍ന്ന് വെടിയുമേറ്റ നിക്കോൾസ്‌ പത്തിന്‌ മരിച്ചു. പൊലീസ്‌ മർദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ്‌ പുറത്തുവന്നത്‌. ഇതോടെ അമേരിക്കന്‍ ന​ഗരങ്ങളിലെമ്പാടും പൊലീസിന്റെ വംശീയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തി. യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിക്കുന്നതും മുഖത്തുൾപ്പെടെ ബൂട്ടിട്ട്‌ ചവിട്ടുന്നതുമായ ഒരു മണിക്കൂറുള്ള നാല് വീഡിയോകളാണ് പുറത്തുവന്നത്. ടയർ നിക്കോൾസ്‌ അമ്മയെ വിളിച്ചു കരയുന്നതും രക്ഷപ്പെടുത്താൻ അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്‌. രക്ഷപ്പെട്ടോടാന്‍ ശ്രമിച്ച നിക്കോള്‍സിനെ പൊലീസ് പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു. സംഭവത്തിൽ മെംഫിസിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജോലിയിൽനിന്ന്‌ അഞ്ചുപേരെയും പിരിച്ചുവിട്ടു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ കഴിഞ്ഞദിവസം നിക്കോൾസിന്റെ മാതാപിതാക്കളോട്‌ ഫോണിൽ സംസാരിച്ചിരുന്നു. നിക്കോൾസിനെ കൊലപ്പെടുത്തിയ അഞ്ചു പൊലീസുകാരും  കറുത്ത വംശജരാണ്‌. അമേരിക്കയിലെ കറുത്ത വംശജരോട്‌ മുൻവിധിയോടെ പെരുമാറുന്ന പൊലീസ്‌ സംവിധാനത്തിൽ കാര്യമായ മാറ്റം ആവശ്യമാണെന്ന്‌ ബ്രുക്‌ലിൻ നിയമപഠന സ്‌കൂൾ പ്രൊഫസർ അലക്‌സിസ്‌ ജെ ഹൊഗ്‌ പറഞ്ഞു. മർദനത്തിൽ പ്രതിഷേധിച്ച്‌ മെംഫിസ്‌, ന്യൂയോർക്ക്‌സിറ്റി, വാഷിങ്‌ടൺ, സിയാറ്റിൽ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. 2020ൽ ജോർജ്‌ ഫ്‌ളോയ്‌ഡ് എന്ന കറുത്തവംശജനെ  പൊലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്‌ അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. Read on deshabhimani.com

Related News