സാർക്‌ സമ്മേളനത്തിൽ താലിബാനും അവസരം നൽകണമെന്ന്‌ പാകിസ്ഥാൻ; എതിർത്ത്‌ രാജ്യങ്ങൾ, സമ്മേളനം റദ്ദാക്കി



ന്യൂഡൽഹി > സമ്മേളനത്തിൽ താലിബാൻ പ്രതിനിധികളേയും  പങ്കെടുപ്പിക്കണമെന്ന്‌ പാകിസ്ഥാൻ ആവശ്യപ്പെട്ടതിന്‌ പിന്നാലെ സാർക്‌ സമ്മേളനം റദ്ദാക്കി. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ സാർക്‌ ശനിയാഴ്‌ച ന്യൂയോർക്കിൽ ചേരാനിരുന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനമാണ്‌ റദ്ദാക്കിയത്‌. സാർക്‌ സമ്മേളനത്തിൽ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാൻ താലിബാൻ നേതാക്കൾക്ക്‌ അവസരം നൽകണമെന്ന്‌ പാകിസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ നിർദ്ദേശത്തെ എതിർത്തതായാണ്‌ വിവരം. അഫ്‌ഗാനെ പ്രതിനിധീകരിച്ചുള്ള കസേര ഒഴിച്ചിടാം എന്നാണ്‌ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്‌. ഇത്‌ അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. ഇതേ തുടർന്നാണ്‌ സമ്മേളനം ഉപേക്ഷിച്ചത്‌. നേപ്പാളായിരുന്നു ഇത്തവണ സാർക്‌ സമ്മേളനത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്‌. അതിനിടെ ഈ ആഴ്‌ച ന്യൂയോർക്കിൽ ആരംഭിക്കുന്ന ഐക്യരാഷ്‌ട്ര സംഘടന പെതുസഭയിൽ സംസാരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട്‌ താലിബാൻ കത്തുനൽകി. യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസിന്‌ താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയാണ്‌ കത്തയച്ചത്‌. ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന താലിബാൻ വക്താവ്‌ സുഹൈൽ ഷഹീനെ അഫ്‌ഗാന്റെ യുഎൻ അംബാസിഡറായി നിയമിക്കുകയും ചെയ്‌തു. എന്നാൽ ഇതിൽ തീരുമാനമെടുക്കേണ്ട ക്രെഡൻഷ്യൽ കമ്മിറ്റി യുഎൻ പെതുസഭ അവസാനിക്കുന്നതുവരെ ചേരാൻ സാധ്യതയില്ലത്തതിനാൽ താലിബാന്‌ പങ്കെടുക്കാൻ അവസരം ലഭിക്കാൻ സാധ്യതയില്ല. എന്നാൽ അഫ്‌ഗാനിലെ മുൻ സർക്കാരിനെ പ്രതിനിധീകരിച്ച്‌ ഗുലാം ഇക്‌സായി സമ്മേളനത്തിൽ പങ്കെടുക്കും. സെപ്‌തംബർ 27ന്‌ അദ്ദേഹം സഭയെ അഭിസംബോധന ചെയ്യും.     Read on deshabhimani.com

Related News