ഒമിക്രോണ്‍ : പ്രതിരോധം ശക്തമാക്കി രാജ്യങ്ങള്‍



ടോക്യോ ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണങ്ങളും പ്രതിരോധവും കൂടുതല്‍ ശക്തമാക്കി രാജ്യങ്ങള്‍. ആരോഗ്യപ്രവർത്തകർക്കും മുന്‍​ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ക്കും  ജപ്പാന്‍ കോവിഡ് വാക്സിന്റെ  ബൂസ്റ്റർ ഡോസുകള്‍ നല്‍കിത്തുടങ്ങി.   എല്ലാ വിദേശ സന്ദർശകർക്കും ജപ്പാൻ വിലക്കേർപ്പെടുത്തി. വീടിനുള്ളിലും മാസ്ക് ധരിക്കാന്‍ പോര്‍ച്ചു​ഗല്‍ സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ആ​ഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് പോര്‍ച്ചു​ഗല്‍.അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന അമേരിക്ക കൂടുതല്‍ കർശനമാക്കി. അമേരിക്കയിലേക്ക്‌ എത്തുന്നവര്‍  വിമാനത്തിൽ കയറുന്നതിന് ഒരു ദിവസംമുമ്പുള്ള കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് കൈവശംവയ്ക്കണം. നൈജീരിയ, മലാവി, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന്‌ എത്തുന്ന എല്ലാ വിദേശികൾക്കും ക്യാനഡ വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്കയടക്കം ഏഴു രാജ്യത്തുനിന്നുള്ള വിദേശ പൗരന്മാർക്ക് രാജ്യം നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ബോണസ് നൽകാനുള്ള പദ്ധതി സ്ലോവാക്യ സർക്കാർ പ്രഖ്യാപിച്ചു. വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ നേപ്പാള്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. Read on deshabhimani.com

Related News