ഒമിക്രോൺ കൂടുതൽ മാരകമല്ലെന്ന്‌ സിംഗപ്പുർ



സിംഗപ്പുർ> ഒമിക്രോൺ മറ്റ്‌ വകഭേദങ്ങളേക്കാൾ മാരകമോ തീവ്ര ലക്ഷണമുള്ളതോ ആണെന്ന്‌ തെളിഞ്ഞിട്ടില്ലെന്ന്‌ സിംഗപ്പുർ. ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടോ,  ലോകത്താകെ കോവിഡ്‌ വ്യാപിപ്പിക്കുന്ന പ്രധാന വകഭേദമാകുമോ എന്നതെല്ലാം വരും ആഴ്ചകളിൽ വ്യക്തമാകും. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ നിലവിലെ ചികിത്സാരീതിയും വാക്‌സിനും ഫലപ്രദമല്ലെന്നതിന്‌  തെളിവില്ലെന്നും സിംഗപ്പുർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സിംഗപ്പുർ വഴി മലേഷ്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും പോയ രണ്ടുപേർക്ക്‌ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്‌. മലേഷ്യയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച പത്തൊമ്പതുകാരി യാത്രചെയ്ത വിമാനത്തിലെ 15 പേരെ കണ്ടെത്തി. വിടിഎൽ (വാസ്‌കിനേറ്റഡ്‌ ട്രാവൽ ലൈൻ) യാത്രക്കാർക്ക്‌ കൂടുതൽ പരിശോധന ഏർപ്പെടുത്താനും തീരുമാനിച്ചു. സാധാരണ വിമാനങ്ങളിൽ എത്തുന്നവർക്ക്‌ പരിശോധന ശക്തമാക്കും. വാക്‌സിൻ, കോവിഡ്‌ പരിശോധനാ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. രാജ്യത്തെത്തിയ ഉടൻ വീണ്ടും കോവിഡ്‌ പരിശോധനയുണ്ടാകും. Read on deshabhimani.com

Related News