എണ്ണയ്‌ക്ക് വിലപരിധി; അപകടകരമായ നീക്കമെന്ന്‌ റഷ്യ



വാഷിങ്ടൺ കയറ്റുമതി ചെയ്യുന്ന റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വിലപരിധി നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും ജി ഏഴ്‌ രാജ്യങ്ങളും ഓസ്‌ട്രേലിയയും. ഒരു ബാരലിന് 60 യുഎസ് ഡോളര്‍ എന്ന വിലപരിധിയാണ് നിശ്ചയിച്ചത്. തിങ്കൾ മുതൽ വിലനിയന്ത്രണം നിലവിൽവരുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഓരോ രണ്ടു മാസം കൂടുമ്പോഴും വിലപരിധി  പുനഃപരിശോധിക്കും. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ വിപണി വിലയേക്കാള്‍ കുറഞ്ഞത് അഞ്ചു ശതമാനമെങ്കിലും കുറവുവരുത്തിയാണ് വിലപരിധി നിശ്ചയിക്കുകയെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.    എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ നിശ്ചയിക്കുന്ന വിലപരിധിക്ക് അനുസരിച്ച് ഒരു രാജ്യത്തിനും അസംസ്‌കൃത എണ്ണ വില്‍ക്കില്ലെന്ന്‌ റഷ്യ ആവർത്തിച്ചു. റഷ്യൻ എണ്ണയ്‌ക്ക്‌ വിലപരിധി നിശ്ചയിക്കുന്നത്‌ അപകടകരമായ നീക്കമാണ്‌. ഇതുകൊണ്ടുമാത്രം തങ്ങളുടെ എണ്ണയ്‌ക്ക്‌ ആവശ്യക്കാർ കുറയില്ലെന്നും റഷ്യ പ്രതികരിച്ചു.   വിലപരിധി ഏർപ്പെടുത്തിയതിനാൽ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 60 ഡോളറിൽ കുറച്ച്‌ എണ്ണ വിൽക്കാൻ ശ്രമിച്ചാൽ യൂറോപ്പ് ആസ്ഥാനമായ കപ്പല്‍, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് കമ്പനികള്‍ കയറ്റുമതി സേവനങ്ങൾ നൽകില്ല.  ഉക്രയ്‌നുമേൽ അധിനിവേശം നടത്തുന്ന റഷ്യയുടെ വരുമാനസ്രോതസ്സ്‌ വെട്ടിക്കുറയ്‌ക്കാൻ ഉതകുന്നതാണ്‌ വിലനിയന്ത്രണമെന്ന്‌ യുഎസ്‌ ട്രഷറി സെക്രട്ടറി ജാനറ്റ്‌ യെല്ലൻ പ്രതികരിച്ചു.    റഷ്യയുടെ അസംസ്‌കൃത എണ്ണ അന്താരാഷ്‌ട്ര വിപണിയില്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ എണ്ണ വിലവര്‍ധനയ്‌ക്ക്‌ ഇടയാക്കിയേക്കും. പാശ്ചാത്യ രാജ്യങ്ങളിലടക്കം വലിയ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇത്‌ വഴിവച്ചേക്കും. ഉക്രയ്‌ന്‍ യുദ്ധം തുടങ്ങിയശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് വലിയ രീതിയില്‍ കുറച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് റഷ്യന്‍ അസംസ്‌കൃത എണ്ണ ബഹിഷ്‌കരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, കുറഞ്ഞവിലയിൽ ലഭിക്കുന്നതിനാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുകയാണ്‌ ഇന്ത്യ ചെയ്‌തത്‌. Read on deshabhimani.com

Related News