സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബൂവിന് വൈദ്യശാസ്ത്ര നൊബേല്‍

Photo Credit: nobel prize twitter


സ്‌റ്റോക്ക്‌ഹോം മനുഷ്യപൂർവികരെക്കുറിച്ചുള്ള ജനിതകശാസ്‌ത്ര പഠനങ്ങൾക്ക്‌ സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പേബോയ്‌ക്ക്‌ ഈ വർഷത്തെ  വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമാണ്‌ പേബോയുടെ പഠനമേഖല. ആദിമമനുഷ്യവിഭാ​ഗമായ ഹൊമിനിനുകളിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണമാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്‌. 10 മില്യൻ സ്വീഡിഷ് ക്രൗൺസ് (ഏകേദശം 7.37 കോടി രൂപ) ആണ് സമ്മാനത്തുക. 1982ൽ പേബോയുടെ പിതാവ്‌ സ്യൂൺ ബെർഗ്സ്ട്രോം വൈദ്യശാസ്‌ത്ര നൊബേല്‍ നേടിയിട്ടുണ്ട്. ഇന്നത്തെ മനുഷ്യരുടെ  പൂർവികരായ നിയാണ്ടർത്താലിന്റെ  ജീനോം ക്രമപ്പെടുത്തലിനും  മുമ്പ് അറിയപ്പെടാത്ത ഹോമിനിൻ ആയ ഡെനിസോവയുടെ കണ്ടെത്തലിനുമാണ് അംഗീകാരം. മനുഷ്യ പരിണാമപഠനത്തിൽ നാഴികക്കല്ലായ കണ്ടെത്തലുകളായിരുന്നു ഇവ. ഏതാണ്ട് 70,000 വർഷംമുമ്പ് ഹോമിനിനുകളിൽനിന്ന് ഹോമോ സാപ്പിയൻസിലേക്ക് ജീൻ കൈമാറ്റം നടന്നതായി പേബോ കണ്ടെത്തി. ജീനുകളുടെ ഈ പുരാതന പ്രവാഹം മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനം അണുബാധകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമായി ബന്ധമുണ്ട്. മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റെ പേബോ.   ഈ വർഷത്തെ ആദ്യത്തെ നൊബേൽ സമ്മാന പ്രഖ്യാപനമാണിത്. Read on deshabhimani.com

Related News