രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക് ; ബാരി ഷാർപ്‌ലെസിന്‌ രണ്ടാം പുരസ്കാരം

കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് twitter.com/NobelPrize


  സ്‌റ്റോക്‌ഹോം കരോലിൻ ആർ ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ ബാരി ഷാർപ്‌ലെസ്‌ എന്നിവർക്ക്‌ ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം. ക്ലിക്‌ കെമിസ്‌ട്രി, ബയോ ഓർത്തഗോണൽ കെമിസ്ട്രി എന്നീ നൂതനശാഖകൾക്ക്‌ അസ്‌തിവാരമിടുകയും അതുല്യ സംഭാവനകൾ നൽകുകയും ചെയ്തതിനാണ്‌ സമ്മാനം. അമേരിക്ക കലിഫോർണിയ സ്‌ക്രിപ്‌സ്‌ റിസർച്ച്‌ സെന്ററിൽ പ്രവർത്തിക്കുന്ന ബാരി ഷാർപ്‌ലെസിന്റെ രണ്ടാം പുരസ്കാര നേട്ടമാണ്‌. 2001ലാണ്‌ മുമ്പ്‌ പുരസ്കാരം ലഭിച്ചത്‌. സ്റ്റാൻഫഡ്‌ സർവകലാശാലയിൽ ഗവേഷകയാണ്‌ കരോലിൻ ആർ ബെർട്ടോസി. മോർട്ടൻ മെൽഡൻ ഡെന്മാർക്ക്‌ കോപ്പൻഹേഗൻ സർവകലാശാലയിൽ പ്രവർത്തിക്കുന്നു. ചെറിയ തന്മാത്രകളെ കൂട്ടിച്ചേർത്ത്‌ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന രസതന്ത്രശാഖയാണ്‌ ക്ലിക്‌ കെമിസ്‌ട്രി. ആ ആശയം മുന്നോട്ടുവച്ച്‌ അതിനെപ്പറ്റിയുള്ള പഠനങ്ങൾക്ക്‌ തുടക്കമിട്ടയാളാണ്‌ ബാരി ഷാർപ്‌ലെസ്‌. ഇതിന്‌ അനുയോജ്യമായ തന്മാത്രകൾ കണ്ടെത്തിയവരാണ്‌ മറ്റു രണ്ടുപേർ. മരുന്നുകളുടെയും പോളിമറുകളുടെയും ഉൽപ്പാദനം, ജനിതക മാപ്പിങ്‌, നാനോ കെമിസട്രി എന്നീ മേഖലകളിൽ നിർണായകമായ കണ്ടുപിടിത്തമാണ് ഇത്‌. ഒരു ജൈവവ്യവസ്ഥയ്ക്കകത്തെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ അവയ്ക്കുള്ളിൽ നടത്തുന്ന രാസപ്രവർത്തനങ്ങളാണ്‌ ബയോ ഓർത്തഗോണൽ രാസപ്രവർത്തനങ്ങൾ. 2003ൽ കരോലിൻ ആർ ബെർട്ടോസി തുടങ്ങിവച്ച ഈ രസതന്ത്രശാഖ അർബുദ ചികിത്സയെ കൂടുതൽ കൃത്യതയുള്ളതാക്കി. രസതന്ത്ര നൊബേൽ നേടുന്ന എട്ടാമത്തെ വനിതയാണ്‌ ഇവർ. രണ്ടു തവണ പുരസ്കാരം നേടിയ അഞ്ചാം വ്യക്തിയാണ്‌ ബാരി. വ്യാഴാഴ്ച സാഹിത്യ നൊബേൽ പ്രഖ്യാപിക്കും. Read on deshabhimani.com

Related News