ഹോണ്ടുറാസിലും ഇടതുപക്ഷം; ഷിയോമാറ കാസ്‌ട്രോ നയിക്കും

videograbbed image


ടെഗൂസിഗല്‍പ‌ മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്വല വിജയം. ഇടതുപക്ഷ- സോഷ്യലിസ്റ്റ് പാര്‍ടിയായ ലിബർട്ടി ആൻഡ്‌ റീഫൗണ്ടേഷന്റെ (ലിബ്രേ) നേതാവായ ഷിയോമാറ കാസ്‌ട്രോ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാകും. അന്ത്യമായത് അമേരിക്കന്‍ പക്ഷപാതിയായ ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിന്റെ 12വര്‍ഷത്തെ ഭരണത്തിന്. ഷിയോമാറയുടെ ഭര്‍ത്താവ് മാനുവല്‍ സെലയ  പ്രസിഡന്റായിരിക്കെ 2009ല്‍ വലതുപക്ഷ നാഷണല്‍പാര്‍ടി അമേരിക്കന്‍ പിന്തുണയോടെ ഭരണം അട്ടിമറിക്കുകയായിരുന്നു. ഹ്യൂഗോ ഷാവേസിന്റെയും ഇവൊ മൊറാലസിന്റെയും ലുല ഡ സില്‍വയുടെയും നേതൃത്വത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധ ചേരിയില്‍ ഹോണ്ടുറാസ് ചേര്‍ന്നതോടെയാണ് ഹോണ്ടുറാസ് ലക്ഷ്യമിട്ട് അമേരിക്ക നീക്കം നടത്തിയത്. 12 വര്‍ഷത്തെ  വേദനകള്‍ക്ക് അന്ത്യമായെന്ന് ഷിയോമാറ പ്രതികരിച്ചു.  രക്തസാക്ഷികളുടെ ത്യാഗം വെറുതെയായില്ല. വിവേചനമോ വിഭാഗീയതയോ ഇല്ലാതെ സമൃദ്ധിയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പുതുയുഗം പിറക്കും,- ഷിയോമാറ പറഞ്ഞു.സ്വവര്‍ഗനുരാ​ഗികളുടെ വിവാഹം നിയമപരമാക്കുക, ഗര്‍ഭച്ഛിദ്രനടപടികള്‍ ലഘൂകരിക്കുക തുടങ്ങിയ പുരോഗമന നയങ്ങള്‍ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ഷിയോമാറ പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള ഹോണ്ടുറാസിന്റെ ബന്ധം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ അടിച്ചമര്‍ത്തല്‍ നേരിട്ട് ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പോരാട്ടമാണ് ഹോണ്ടൂറാസില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്.  വന്‍ വിജയം നേടിയ ഷിയോമാറയെ അഭിനന്ദിച്ച് ക്യൂബ, വെനസ്വേല, നിക്കാര​ഗ്വെ തുടങ്ങിയ രാഷ്ട്രങ്ങള്‍ രം​ഗത്തെത്തി. Read on deshabhimani.com

Related News