ട്രംപിന്‌ ഇറാന്റെ അറസ്‌റ്റ്‌ വാറന്റ്‌ ; കസ്‌റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടി



തെഹ്‌റാൻ കൊലപാതകം, ഭീകരാക്രമണം തുടങ്ങിയ കുറ്റങ്ങൾക്ക്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും മുപ്പതിൽപ്പരം അമേരിക്കക്കാർക്കുമെതിരെ ഇറാൻ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ഇറാൻ റവല്യൂഷണറി  ഗാർഡ്‌സിന്റെ ഖുദ്‌സ്‌ സേനാ നായകൻ ജനറൽ ഖാസിം സുലൈമാനിയേയും മറ്റും അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ച സംഭവത്തിലാണ്‌ വാറന്റ്‌. ട്രംപിന്റെ ഉത്തരവനുസരിച്ച്‌ ജനുവരി മൂന്നിന്‌ ബാഗ്ദാദ്‌ വിമാനത്താവളത്തിന്‌ പുറത്ത്‌ വച്ചാണ്‌ സുലൈമാനിയും മറ്റും സഞ്ചരിച്ച വാഹനങ്ങളെ ആക്രമിച്ചത്‌. ട്രംപിനെ കസ്‌റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന്‌ തെഹ്‌റാനിലെ പ്രോസിക്യൂട്ടർ അലി അൽഖാസിമെഹ്‌ർ അറിയിച്ചു. ട്രംപിന്‌ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ടാലും കേസുമായി മുന്നോട്ട്‌ പോകും. ഇന്റർപോൾ പുറത്തിറക്കുന്ന ഏറ്റവും ഉയർന്ന അറസ്‌റ്റ്‌ നോട്ടീസായ ചുവപ്പ്‌ തന്നെ വേണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ ഇന്റർപോൾ സമിതി ചേർന്ന്‌ അത്‌ അംഗരാജ്യങ്ങൾക്ക്‌ അയക്കണോ എന്ന്‌ തീരുമാനിക്കുകയാണ്‌ പതിവ്‌. രാഷ്‌ട്രീയ സ്വഭാവമുള്ള കേസുകളിൽ ഇടപെടുന്നത്‌ ഇന്റർപോളിന്റെ മാർഗനിർദേശങ്ങൾ വിലക്കുന്നതിനാൽ ഇറാന്റെ അപേക്ഷ പരിഗണിക്കില്ല. പ്രതികളെ അറസ്‌റ്റ്‌ ചെയ്യാനും കൈമാറാനും രാജ്യങ്ങളെ നിർബന്ധിക്കാനും ഇന്റർപോളിന്‌ അധികാരമില്ല. ഇറാനുമായി യുഎൻ നേതൃത്വത്തിൽ വൻശക്തികൾ ഉണ്ടാക്കിയ കരാറിൽ നിന്ന്‌ 2018ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയശേഷമാണ്‌ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായത്‌. ഇറാനെതിരെ യുഎൻ ഏർപ്പെടുത്തിയ ആയുധ ഉപരോധം പുതുക്കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒക്‌ടോബറിൽ ഉപരോധം അവസാനിച്ചാൽ ഇറാൻ റഷ്യയിൽ നിന്നും മറ്റും യുദ്ധവിമാനങ്ങളും പടക്കോപ്പുകളും വാങ്ങുന്നത്‌ തടയുകയാണ്‌ ലക്ഷ്യം. അതേസമയം ഗൾഫ്‌ മേഖലയിൽ മറ്റ്‌ രാജ്യങ്ങൾക്ക്‌ അമേരിക്ക ശതകോടിക്കണക്കിന്‌ ഡോളറിന്റെ ആയുധങ്ങൾ വിൽക്കുന്നുണ്ട്‌. Read on deshabhimani.com

Related News