സുഡാൻ ഏറ്റുമുട്ടൽ : വംശീയകലാപം രൂക്ഷമാകും: യുഎൻ



ഖാർത്തൂം സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്‌എഫും തമ്മിലുള്ള സംഘർഷം ഡാർഫർ മേഖലയിലെ വംശീയകലാപം ആളിക്കത്തിക്കാൻ സാധ്യതയെന്ന്‌ ഐക്യരാഷ്ട്ര സംഘടന. 2003 മുതൽ മേഖലയിലെ വിവിധ വംശങ്ങളും സർക്കാരും തമ്മിൽ തുറന്ന യുദ്ധത്തിലാണ്‌. 20 വർഷത്തിനിടെ ഇവിടെ മൂന്നുലക്ഷം പേർ കൊല്ലപ്പെട്ടു. ഭവനരഹിതരായ 20 ലക്ഷം പേർ വിവിധ ക്യാമ്പുകളിലാണ്‌. നിലവിലെ സംഘർഷത്തിൽ മേഖലയിൽ തിങ്കളാഴ്ചയ്ക്കുശേഷംമാത്രം നൂറോളംപേർ കൊല്ലപ്പെട്ടു. ഇത്‌ സംഘർഷം രൂക്ഷമാകുന്നതിന്റെ സൂചനയാണെന്നും യുഎൻ മുന്നറിയിപ്പ്‌ നൽകി. പതിനഞ്ചിനാണ്‌ രാജ്യത്ത്‌ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്‌. ഇതുവരെ അഞ്ഞൂറോളം സാധാരണക്കാർ കൊല്ലപ്പെട്ടു. 420 പേർക്ക്‌ പരിക്കേറ്റു. തലസ്ഥാനമായ ഖാർത്തൂമിലുൾപ്പെടെ രണ്ടാഴ്ചയായി ജനങ്ങൾക്ക്‌ വീടിന്‌ പുറത്തിറങ്ങാനാകുന്നില്ല. ഭക്ഷ്യക്ഷാമം രൂക്ഷമാണ്‌. പണവും കിട്ടാതായിട്ടുണ്ട്‌. ഇന്റർനെറ്റ്‌ ബന്ധവും തകരാറിലായതോടെ ആളുകൾക്ക്‌ ഇ–- ബാങ്കിങ്‌ സേവനങ്ങളും ലഭിക്കുന്നില്ല. വിവിധ രാജ്യങ്ങളുടെ ഒഴിപ്പിക്കൽ ദൗത്യം തുടരുന്നു. Read on deshabhimani.com

Related News