വെസ്റ്റ്‌ബാങ്കിൽ വീണ്ടും 
കൂട്ടക്കുരുതി ; വെടിവയ്‌പിൽ വൃദ്ധ ഉൾപ്പെടെ പത്ത് 
പലസ്‌തീൻകാർ കൊല്ലപ്പെട്ടു



വെസ്റ്റ്‌ ബാങ്ക്‌ അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ മേഖലയില്‍ ഇസ്രയേല്‍ സേനയുടെ കൂട്ടക്കുരുതി. ഇസ്രയേൽ സേന നടത്തിയ വെടിവയ്‌പിൽ വൃദ്ധ ഉൾപ്പെടെ 10 പലസ്‌തീൻകാര്‍ കൊല്ലപ്പെട്ടു. 20 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജെനിനില്‍ ഇസ്രയേല്‍ കൂട്ടക്കൊലയാണ്‌ നടത്തിയതെന്ന്‌ പലസ്തീന്‍ പ്രതികരിച്ചു. അതേസമയം, പലസ്‌തീൻ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരാണ്‌ വെടിയേറ്റ്‌ മരിച്ചതെന്നാണ്‌ ഇസ്രയേല്‍ നിലപാട്. തീവ്രവാദികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യത്തിനുനേരെ വെടിയുതിര്‍ത്തപ്പോൾ പ്രതിരോധിച്ചെന്നാണ്‌ ഇസ്രയേൽ വിശദീകരണം.  ജെനിനിലെ അഭയാര്‍ഥി ക്യാമ്പിനുനേരെയാണ് ഇസ്രയേല്‍ സേന വെടി ഉതിര്‍ത്തതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. കുട്ടികളുടെ ആശുപത്രിക്കുനേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. വെസ്റ്റ്‌ബാങ്കിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് പലസ്തീന്‍ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസ്‌ ആവശ്യപ്പെട്ടു. സാധാരണക്കാരുള്‍പ്പെടെ 29 പേരാണ് ജനുവരിയില്‍മാത്രം വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്‌. വെസ്റ്റ്‌ബാങ്കിൽ 2022ൽ 150 പലസ്‌തീൻകാര്‍ കൊല്ലപ്പെട്ടു. Read on deshabhimani.com

Related News