യുഎസ് ഉന്നത സെക്രട്ടറി 
ചർച്ചയ്‌ക്ക്‌ ചൈനയില്‍



തിയാന്‍ജിന്‍ ഉഭയകക്ഷി ബന്ധമടക്കം ചര്‍ച്ച ചെയ്യാൻ അമേരിക്കന്‍  സ്റ്റേറ്റ് അണ്ടർ സെക്രട്ടറി വെൻ‌ഡി ഷെർമാന്‍ ചൈനയിലെത്തി. തിയാന്‍ജിനിലെ ഹോട്ടലില്‍ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായും സഹമന്ത്രി ഷി ഫെന്‍​ഗുമായും കൂടിക്കാഴ്ച നടത്തി. ജോ ബൈഡന്‍ പ്രസിഡന്റായതിനുശേഷം ചൈനയിലെത്തുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ആളാണ് ഇവർ. ഇരു രാജ്യവും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. പ്രത്യേകിച്ച് ഏതെങ്കിലും വിഷയത്തില്‍ ഊന്നിയല്ല ചര്‍ച്ചയെന്നും കൂടുതല്‍ ഉന്നതതല കൂടിക്കാഴ്ചകള്‍ക്കുള്ള വഴിതുറക്കുന്നതിനാണ് ശ്രമമെന്നുമാണ് വൈറ്റ്ഹൗസ് പ്രതികരിച്ചത്. മത്സരം വലിയ പ്രതിസന്ധികളിലേക്ക് നീങ്ങാതിരിക്കുകയാണ് ലക്ഷ്യമെന്നും യുഎസ് പറഞ്ഞു.  ലോകപൊലീസ് ചമയുന്ന യുഎസ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മർദം ശക്തമാക്കുകയാണെന്ന് ശനിയാഴ്ച ഒരഭിമുഖത്തില്‍ വാങ് യി തുറന്നടിച്ചിരുന്നു. ഇത്തരം സമ്മര്‍ദങ്ങള്‍ ചൈനയോട്‌ വിലപ്പോകില്ലെന്നും  മറ്റ് രാജ്യങ്ങളോട് ഏങ്ങനെ പെരുമാറണമെന്ന് യുഎസ് സ്വയം തിരിച്ചറിഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്രസമൂഹം അതവരെ പഠിപ്പിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻ‌പിങ്ങും  ഒക്ടോബർ അവസാനം ഇറ്റലിയിൽ ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയേക്കും. Read on deshabhimani.com

Related News