കോവിഡ്‌ ഉത്ഭവം : മുന്‍വിധിയോടെയുള്ള നീക്കം അംഗീകരിക്കില്ല: ചൈന



ബീജിങ് കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാംഘട്ട അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ച അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ പറഞ്ഞു. സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന ശാസ്ത്രവിരുദ്ധമായ അന്വേഷണമാണ് ഇപ്പോള്‍ ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവയ്ക്കുന്നത്‌. ലബോറട്ടറിയില്‍ ഉണ്ടായ വീഴ്ചയാണ് വൈറസ് വ്യാപനത്തിനു കാരണമെന്ന മുന്‍വിധിയോടുള്ള നീക്കം അംഗീകരിക്കില്ലെന്നും ചൈന പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനം ഗെബ്രിയേസസാണ് കഴിഞ്ഞദിവസം പുതിയ അന്വേഷണത്തിനുള്ള നിർദേശം മുന്നോട്ടുവച്ചത്. ഒന്നാംഘട്ട  അന്വേഷണത്തില്‍ വവ്വാലിൽനിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കൊറോണ വൈറസ് പ്രവേശിച്ചതെന്ന നിഗമനത്തിലാണ്‌ ശാസ്ത്രസംഘം എത്തിയത്. എന്നാല്‍ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കി കൂടുതൽ അന്വേഷണം വേണമെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ആവശ്യമുയർത്തിയിരുന്നു. Read on deshabhimani.com

Related News