വലിയ രാജ്യങ്ങളിൽ കോവിഡ്‌ മൂർധന്യാവസ്ഥയിലേക്ക്‌: ഡബ്ല്യുഎച്ച്‌ഒ



ജനീവ കോവിഡ്‌ ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ്‌ വർധന കാണിക്കുന്നത്‌ ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളിൽ വൈറസ്‌ വ്യാപനം ഒരേസമയം  മൂർധന്യാവസ്ഥയിലേക്ക്‌ നീങ്ങുന്നതിനാലാണെന്ന്‌ ലോകാരോഗ്യ സംഘടന. കൂടുതൽ പരിശോധന നടത്തിയതുകൊണ്ടാണ്‌ രോഗബാധിതരുടെ എണ്ണം കൂടിയതെന്ന അമേരിക്കയുടെയും ഇന്ത്യയുടെയും മറ്റും വാദം ഡബ്ല്യുഎച്ച്‌ഒയുടെ അടിയന്തരകാര്യ മേധാവി ഡോക്ടർ മൈക്കേൽ റയാൻ തള്ളി.  രോഗം ബാധിച്ചവരുടെ എണ്ണം ലോകത്താകെ 93 ലക്ഷത്തോളമായി. ആകെ മരണസംഖ്യ നാലേമുക്കാൽ ലക്ഷം കടന്നു. ഇതിൽ നാലിലൊന്നിലധികം അമേരിക്കയിലാണ്–- 1.23 ലക്ഷത്തോളം. മരണസംഖ്യയിൽ രണ്ടാമതുള്ള ബ്രസീലിലും കഴിഞ്ഞദിവസം അരലക്ഷം കടന്നു. 43,000 പേരിലധികം മരിച്ച ബ്രിട്ടനാണ്‌ മൂന്നാമത്‌. അമേരിക്ക പരിശോധന കൂടുതൽ നടത്തിയതിനാലാണ്‌ രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമതായതെന്ന്‌ വാദിക്കുന്ന പ്രസിഡന്റ്‌ ട്രംപ്‌ പരിശോധന കുറയ്‌ക്കാൻ നിർദേശിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ അമേരിക്കയിലെ ഏറ്റവുമുയർന്ന പകർച്ചവ്യാധി ചികിത്സാവിദഗ്‌ധനായ ആന്തണി ഫൗസിയെ കോൺഗ്രസിന്റെ പ്രതിനിധിസഭാ സമിതി മൊഴിയെടുക്കാൻ വിളിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ലക്ഷം കടന്നു. ആകെ 3.15 ലക്ഷത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 8000 പേരാണ്‌ മരിച്ചത്‌. ട്രംപിന്റെ റാലിയിൽ പങ്കെടുത്തവർക്ക്‌ കോവിഡ്‌ ശനിയാഴ്‌ച ഒക്‌ലഹോമയിലെ ടൾസയിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രചാരണ റാലി സംഘടിപ്പിക്കാൻ എത്തിയ രണ്ട്‌ റിപ്പബ്ലിക്കൻ പ്രവർത്തകർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇവർ തിങ്കളാഴ്‌ച ഒക്‌ലഹോമയിൽനിന്ന്‌ വിമാനം കയറാൻ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ്‌ രോഗബാധിതരാണെന്ന്‌ കണ്ടത്‌. തുടർന്ന്‌ ഇവരെ സമ്പർക്കവിലക്കിലാക്കി. Read on deshabhimani.com

Related News