മനുഷ്യക്കടത്ത് തടയാൻ നീക്കം ശക്തമാക്കി അമേരിക്കയും ക്യാനഡയും



ന്യൂയോര്‍ക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്കുഞ്ഞ് ഉള്‍പ്പെടെ ​ഗുജറാത്തി കുടുംബത്തിലെ നാലുപേര്‍ മഞ്ഞില്‍ പുതഞ്ഞു മരിച്ച സംഭവത്തിന് പിന്നാലെ അനധികൃത മനുഷ്യക്കടത്ത് തടയാനുള്ള നീക്കം ശക്തമാക്കി അമേരിക്കയും -ക്യാനഡയും. ബുധനാഴ്ചയാണ് അമേരിക്കൻ അതിർത്തിയിൽ ക്യാനഡയിലെ എമേഴ്‌സൺ പ്രദേശത്തിനു സമീപം  മുതിര്‍ന്ന പുരുഷന്‍, സ്ത്രീ, കൗമാരക്കാരന്‍, കൈക്കുഞ്ഞ് എന്നിവരെ തണുത്തുറഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളയിടത്ത് നിന്നാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എമേഴ്‌സണ്‍ വഴി ഒരു കൂട്ടം ആളുകൾ അതിർത്തി കടന്നെത്തിയതായി അമേരിക്കൻ കസ്‌റ്റംസ്‌ വിഭാഗമാണ്‌  കനേഡിയന്‍ പൊലീസിന് വിവരം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഒരാളുടെ ബാ​ഗില്‍ നിന്ന് ഒരു കുഞ്ഞിന്റെ കളിപ്പാട്ടവും ഡയപ്പറും ഉള്‍പ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും എന്നാൽ സംഘത്തിൽ കുട്ടി ഉണ്ടായിരുന്നില്ലെന്നും യുഎസ് ഉ​ദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.        ഏഴ് പേരടങ്ങുന്ന സംഘമാണ് അതിര്‍ത്തി കടന്ന്‌ യുഎസിലെത്തിയത്.ഇവരില്‍ കൂടുതലും ​ഗുജറാത്തി സംസാരിക്കുന്നവരാണെന്നാണ് വിവരം. ഇവരെ അനധികൃതമായി യുഎസില്‍ എത്തിച്ചതിന് സ്റ്റീവ് ഷാൻഡ് (47) എന്ന ഫ്ലോറിഡ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അമേരിക്കയിലും ക്യാനഡയിലും അന്വേഷണം തുടങ്ങി.  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മനുഷ്യക്കടത്ത് തടയാൻ തന്റെ സർക്കാർ യുഎസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും തെരച്ചില്‍ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News