പെഗാസസ്‌ ഉപയോ​ഗത്തിനെതിരെ 
യുഎൻ മനുഷ്യാവകാശ കമീഷൻ



ഐക്യരാഷ്ട്രകേന്ദ്രം ​പെ​ഗാസസ് ഫോൺ ചോര്‍ത്തൽ അങ്ങേയറ്റം ഭീതിദമായ സംഭവമാണെന്ന് യുഎൻ മനുഷ്യാവകാശ കമീഷൻ ഹൈകമീഷണര്‍ ഡോ. മിഷേൽ ബാച്ച്‍ലെ. മനുഷ്യാവകാശം ലംഘിക്കുന്നതരത്തിലുള്ള ഇത്തരം നിരീക്ഷണ സാങ്കേതികവിദ്യകളുടെ ഉപയോ​ഗം അടിയന്തരമായി സര്‍ക്കാരുകള്‍ നിർത്തണം. ഇവയുടെ വിൽപ്പനയും കൈമാറ്റവും ഉപയോ​ഗവും അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്വകാര്യതാലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മനുഷ്യാവകാശം അട്ടിമറിക്കാൻ നിരീക്ഷണ സാങ്കേതികവിദ്യകൾ ദുരുപയോ​ഗിക്കപ്പെടുമെന്ന ആശങ്ക ശരിവയ്ക്കുന്നതാണ് ഫോൺ ചോര്‍ത്തൽ വെളിപ്പെടുത്തൽ. ദുരുപയോ​ഗം തടയാനും സുതാര്യത ഉറപ്പാക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും നിയമനിര്‍മാണം വേണമെന്നും ബാച്ച്‌ലെ പറഞ്ഞു. ചിലിയിൽ പിനോഷെയുടെ പട്ടാള സ്വേഛാധിപത്യ ഭരണത്തിൽ പീഡനങ്ങൾക്കിരയായ ഡോ. ബാച്ച്‌ലെ 2006ൽ ചിലിയുടെ ആദ്യ വനിതാ പ്രസിഡന്റായി. 2014ലും ഈ ഇടതുപക്ഷ നേതാവ്‌ ചിലി പ്രസിഡന്റായി.   Read on deshabhimani.com

Related News