തടവുകാരെ കൈമാറാന്‍ യെമന്‍ സര്‍ക്കാരും ഹൂതികളും ധാരണയില്‍



മനാമ> 880 തടവുകാരെ കൈമാറാന്‍ യെമന്‍ സര്‍ക്കാരും ഹുതി മിലിഷ്യയും ധാരണയില്‍ എത്തി. ഐക്യരാഷ്ട്രസഭയും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി (ഐസിആര്‍സി)യും ചേര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനമായതെന്ന് ഇരുപക്ഷവും തിങ്കളാഴ്ച അറിയിച്ചു. 880 തടവുകാരെ പരസ്പരം കൈമാറുമെന്ന് യെമന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സര്‍ക്കാര്‍ മോചിപ്പിക്കുന്ന 706 തടവുകാര്‍ക്കു പകരമായി 15 സൗദികളും മൂന്ന് സുഡാനികളും ഉള്‍പ്പെടെ 181 തടവുകാരെ മോചിപ്പിക്കുമെന്ന് യെമനിലെ ഹൂതി പ്രിസണേഴ്‌സ് കാര്യ സമിതി തലവന്‍ അബ്ദുള്‍ ഖാദര്‍ അല്‍ മുര്‍തദയും ചര്‍ച്ചയുടെ ഇടനിലക്കാരനായ മുഹമ്മദ് അബ്ദുസ്സലമ്മും ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍ തടവുകാരുടെ കൈമാറ്റം ഉള്‍പ്പെടെ കരാറിലെത്തിയതായി യുഎന്‍, ഐസിആര്‍സി എന്നിവ ഔദ്യോഗികമായി വ്യക്തമാക്കിയില്ല. ഈ മാസം ഇറാനും സൗദി അറേബ്യയും ബന്ധം പുനരാരംഭിക്കാന്‍ തീരുമാനിച്ച ശേഷം യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വിശാലമായ ശ്രമങ്ങള്‍ക്ക് പുതിയ കരാര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ വിവിധ തലങ്ങളില്‍ തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യുഎന്‍ പ്രത്യേക ദൂതന്‍ ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് കഴിഞ്ഞ ആഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. 2018 ഡിസംബറിലെ യുഎന്‍ മധ്യസ്ഥതയിലുള്ള സ്റ്റോക്ക്‌ഹോം ഉടമ്പടി പ്രകാരം 15,000 തടവുകാരെ കൈമാറുന്നത് ചര്‍ച്ചയിലാണ്. ഇതു പ്രകാരം 2020 ഒക്ടോബറില്‍ ഇരു ഭാഗങ്ങളും 1,056 തടവുകാരെ വീതം വിട്ടയച്ചു. പിന്നീട് 2022 മെയ് മുതല്‍ 163 ഹുതി മിലിഷ്യ തടവുകാരെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യവും മോചിപ്പിച്ചു. 2014ലാണ് യെമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹുതികള്‍ തലസ്ഥാനമായ സന നിയന്ത്രണത്തിലാക്കി ആബെദ് റബ്ബോ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുറത്താക്കി. 2015 ല്‍ ഇറാന്‍ പിന്‍തുണയുള്ള ഹുതികളില്‍നിന്നും യെമനെ മോചിപ്പിക്കാനായി സൗദി നേതൃത്വത്തില്‍ സഖ്യ സേന യുദ്ധം ആരംഭിച്ചു. ഇതിന് മറുപടിയായി അയല്‍ രാജ്യമായ സൗദിയിലും യുഎഇയിലും ഹുതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.എട്ടു വര്‍ഷം നീണ്ട യെമന്‍ സംഘര്‍ഷത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു. രാജ്യം രോഗത്തിന്റെയും പട്ടിണിയുടെയും പിടിയിലായി. ജനസംഖ്യയുടെ 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്ന അവസ്ഥയായി.   Read on deshabhimani.com

Related News