അമേരിക്കയിലേക്ക്‌ അഭയാർഥി പ്രവേശം തുടങ്ങി



വാഷിങ്‌ടൺ അമേരിക്കയിൽ അഭയം കാത്ത്‌ മാസങ്ങളും വർഷങ്ങളുമായി മെക്സിക്കോയിലെ അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞിരുന്നവർക്ക്‌ വെള്ളിയാഴ്‌ചമുതൽ പ്രവേശനം അനുവദിച്ചു. എന്നാൽ, ആദ്യ ഘട്ടത്തിൽ കടക്കാൻ അനുവദിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. വെള്ളിയാഴ്‌ച സാൻ ഡിഗോ അതിർത്തിയിലൂടെയാണ്‌ ആളുകളെ കടത്തിയത്‌. ടെക്‌സാസിലേക്കും വ്യാപിപ്പിക്കും. മുൻഗാമി ഡോണൾഡ്‌ ട്രംപ്‌ നടപ്പാക്കിയ കുടിയേറ്റവിരുദ്ധമായ നയം പ്രസിഡന്റ്‌ ജോ ബൈഡൻ തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കുന്നത്‌. നിലവിൽ 25,000 ഓളം പേർ ‘മെക്‌സിക്കോയിൽ തുടരുക’ എന്ന പരിപാടിയുടെ ഭാഗമായുള്ളതിനാൽ പുതിയതായി ആളുകൾ അതിർത്തിയിലേക്ക്‌ വരരുതെന്ന്‌ യുഎസ്‌ അധികൃതർ അഭ്യർഥിച്ചു. വരാൻ ആഗ്രഹിക്കുന്നവർ അടുത്ത ആഴ്‌ച ആദ്യം  ആരംഭിക്കുന്ന അഭയാർഥികൾക്കായുള്ള യുഎൻ ഹൈകമീഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യുഎൻ ഏജൻസി അതിർത്തി കടക്കാനെത്തുന്നവരെ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കും‌. പ്രധാന രണ്ട്‌ അതിർത്തി വഴി പ്രതിദിനം 300 പേരെയാണ്‌ കടത്തിവിടാൻ കഴിയുക. മറ്റു ചെറിയ ക്രോസിങ്ങുകളിലൂടെ കുറച്ചുപേരെയും. അതിനാൽ ഇപ്പോൾ ‘മെക്‌സിക്കോയിൽ തുടരുക’ പരിപാടിയിൽ ഉൾപ്പെട്ട 25,000 പേരെ കടത്തിവിടാൻ എത്രകാലമെടുക്കുമെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്‌. Read on deshabhimani.com

Related News