തയ്‌വാന്‍ "സ്വാതന്ത്ര്യം' പ്രോത്സാഹിപ്പിക്കില്ല: യുഎസ്



ബീജിങ് തയ്‌വാനിലെ "സ്വാതന്ത്ര്യവാദ'ത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പരസ്യപ്രതികരണം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയ്‌ക്കുശേഷം തയ്‌വാനെക്കുറിച്ചുള്ള ബൈഡന്റെ ആദ്യപ്രതികരണമാണ് ഇത്. "തയ്‌വാന്‍ ഞങ്ങളുടേതല്ല, അവിടത്തെ സ്വാതന്ത്ര്യവാദത്തെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നില്ല. അവരുടെ തീരുമാനം അവര്‍ എടുക്കട്ടെ-' ബൈഡന്‍ പറഞ്ഞു. തയ്‌വാന്‍ വിഘടനവാദികളെ സഹായിക്കുന്നവര്‍ തീകൊണ്ട് കളിക്കുകയാണെന്ന് ഉച്ചകോടിയില്‍ ഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ തല്‍സ്ഥിതി തുടരണമെന്നും "വണ്‍ ചൈന' നയം പിന്തുണയ്ക്കുമെന്നുമാണ് ബൈഡന്‍ ഉച്ചകോടിയില്‍ നിലപാട് എടുത്തത്.അതേസമയം, ബൈഡന്റെ പ്രസ്താവന സ്വയംനിര്‍ണയാവകാശം ഉപയോഗപ്പെടുത്താനുള്ള അനൗപചാരിക നിര്‍ദേശമായി തയ്‌വാന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. "അവരുടെ തീരുമാനം അവര്‍ എടുക്കട്ടെ' എന്ന് പറഞ്ഞതുമാത്രമേ കാണുന്നുള്ളൂ, "സ്വാതന്ത്ര്യവാദത്തെ പ്രോത്സാഹിപ്പിക്കില്ല' എന്നത് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗികവേദികളില്‍ തയ്‌വാന്‍ വിഘടനവാദികളെ തള്ളിപ്പറയുകയും അനൗപചാരികമായി തയ്‌വാനെ ആയുധമണിയിക്കുകയും ചെയ്യുന്ന ദ്വിമുഖനയതന്ത്രമാണ് അമേരിക്കയുടേത്. പരസ്പരവിരുദ്ധ നിലപാട് ആവര്‍ത്തിക്കുന്നതിനാല്‍ ഏത്‌ സാഹചര്യവും നേരിടാന്‍ ചൈന സജ്ജമാകണമെന്ന് ചൈനീസ് ദിനപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട്‌ ചെയ്തു. Read on deshabhimani.com

Related News