യുഎസ്‌ 5 ചൈനക്കാർക്കെതിരെ ഹാക്കിങ് കുറ്റം ചുമത്തി



വാഷിങ്‌ടൺ അമേരിക്ക, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി പത്തിലധികം രാജ്യങ്ങളിലെ നൂറിൽപ്പരം കമ്പനികളിലും സ്ഥാപനങ്ങളിലും കംപ്യൂട്ടറുകളിൽ ഹാക്കിങ് നടത്തി എന്നാരോപിച്ച്‌ ട്രംപ്‌ സർക്കാർ അഞ്ച്‌ ചൈനക്കാർക്കെതിരെ കുറ്റം ചുമത്തി. ഇവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.  ഇവരുടെ കൂട്ടാളികളായി ആരോപിക്കപ്പെടുന്ന രണ്ട്‌ മലേഷ്യൻ ബിസിനസുകാർ മലേഷ്യയിൽ ഞായറാഴ്‌ച പിടിയിലായതായി യുഎസ്‌ ഡെപ്യൂട്ടി അറ്റോണി ജനറൽ ജെഫ്രി റോസൻ അറിയിച്ചു. മറ്റൊരു സംഭവത്തിൽ അമേരിക്കയിലും യൂറോപ്പിലും മധ്യപൗരസ്‌ത്യദേശത്തുമുള്ള സ്ഥാപനങ്ങളിലും ഇറാന്റെ ശത്രുക്കളിലും ഹാക്കിങ് നടത്തി നൂറുകണക്കിന്‌ ടിബി‌ ഡാറ്റ മോഷ്ടിച്ചതായി രണ്ട്‌ ഇറാൻകാർക്കെതിരെയും കുറ്റം ചുമത്തി‌.ചൈനീസ്‌ ഹാക്കർമാർ  സോഫ്‌റ്റ്‌വെയർ വിവരങ്ങളും ബിസിനസ്‌ രഹസ്യങ്ങളും ചോർത്തി എന്നാണ്‌ ആരോപണം. ഇതിൽ ചൈനയ്‌ക്ക്‌ പങ്കുള്ളതായി ആരോപിച്ചിട്ടില്ലെങ്കിലും ഹാക്കർമാർക്ക്‌ ചൈനാ സർക്കാരിന്റെ സംരക്ഷണം ഉള്ളതായാണ്‌ അമേരിക്കൻ വാദം.  സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ, ടെലികമ്യൂണിക്കേഷൻ, വീഡിയോ ഗെയിം, സാമൂഹ്യ മാധ്യമ കമ്പനികളും വിദേശ സർക്കാരുകളും ലാഭലക്ഷ്യമില്ലാത്ത സംഘടനകളും സർവകലാശാലകളും മറ്റും ഹാക്ക്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌ റിപ്പോർട്ട്‌. ‘എപിടി41’, ബാരിയം, വിൻടി, വിക്കഡ്‌ പാണ്ട, വിക്കഡ്‌ സ്‌പൈഡർ തുടങ്ങിയ പേരുകളിൽ നടത്തിയ നുഴഞ്ഞുകയറ്റങ്ങൾ സുരക്ഷാ ഗവേഷകർ കണ്ടെത്തി. കംപ്യൂട്ടർ പ്രോഗ്രാം ഭാഷ, സർട്ടിഫിക്കറ്റുകൾ ഒപ്പിടുന്നതിനുള്ള സോഫ്‌റ്റ്‌വെയർ കോഡുകൾ, ഉപഭോക്താക്കളുടെ അക്കൗണ്ട്‌ വിവരങ്ങൾ, വിലപിടിച്ച ബിസിനസ്‌ വിവരങ്ങൾ എന്നിവ മോഷ്ടിച്ചു. ശതകോടിക്കണക്കിന്‌ ഡോളറിന്റെ ബിസിനസായ, ലോകമെങ്ങുമുള്ള വീഡിയോഗെയിം കമ്പനികളിൽ നടത്തിയ ഹാക്കിങ്ങിലൂടെ ലഭിച്ച വിവരങ്ങൾ രണ്ട്‌ ചൈനക്കാർ മലേഷ്യൻ പ്രതികളിലൂടെ കരിഞ്ചന്തയിൽ വിറ്റു എന്നാണ്‌ ആരോപണം. 2019ൽ ഇന്ത്യൻ സർക്കാർ വെബ്‌സൈറ്റുകളിലും സർക്കാരിനെ പിന്തുണയ്‌ക്കുന്ന സ്വകാര്യ ശൃംഖലകളിലും ഡാറ്റാബേസ്‌ സെർവറുകളിലും നുഴഞ്ഞുകയറ്റമുണ്ടായി. ഇന്ത്യൻ സർക്കാരിന്റെ ഓപൺ വിപിഎൻ ശൃംഖലയുമായി ബന്ധത്തിന്‌ സ്വകാര്യ വിപിഎസ്‌ പ്രൊവൈഡർ സർവറുകൾ ഉപയോഗിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യൻ സർക്കാരിന്റെ സംരക്ഷണയിലുള്ള കംപ്യൂട്ടറുകളിൽ ദോഷകരമായ ‘കോബാൾട്ട്‌ സ്‌ട്രൈക്‌’ മാൽവെയർ ഇൻസ്‌റ്റാൾ ചെയ്‌തതായും അതിലുണ്ട്‌. Read on deshabhimani.com

Related News