കാലാവസ്ഥാ ബില്ലിൽ 
ഒപ്പിട്ട്‌ ബൈഡൻ



വാഷിങ്‌ടൺ അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന്‌ മൂന്നുമാസംമാത്രം ബാക്കിനിൽക്കെ, തിരക്കിട്ട നീക്കങ്ങളുമായി പ്രസിഡന്റ്‌ ജോ ബൈഡൻ. കൈമോശം വരുന്ന ജനപ്രീതി തിരികെ പിടിക്കാൻ ലക്ഷ്യമിട്ട്‌ ‘പണപ്പെരുപ്പ നിയന്ത്രണ നിയമ’ത്തിൽ ചൊവ്വാഴ്ച ഒപ്പിട്ടു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുക, ആരോഗ്യപാക്കേജ്‌ കൂടുതൽ ആളുകൾക്ക്‌ ലഭ്യമാക്കി ജനങ്ങൾ സ്വയം വഹിക്കുന്ന ചികിത്സാച്ചെലവ്‌ കുറയ്ക്കുക, കോർപറേറ്റ്‌ ടാക്സ്‌ ഉയർത്തുക എന്നീ ലക്ഷ്യങ്ങളാണ്‌ നിയമം മുന്നോട്ടുവയ്ക്കുന്നതെന്ന്‌ ഒപ്പിട്ടശേഷം ബൈഡൻ പറഞ്ഞു. പത്തുവർഷത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികൾക്കായി 37,500 കോടി ഡോളർ (ഏകദേശം 29.78 ലക്ഷം കോടി രൂപ) നീക്കിവയ്ക്കും. മെഡികെയർ അംഗങ്ങൾ പ്രിസ്‌ക്രിപ്‌ഷൻ മരുന്നുകൾക്കായി ചെലവഴിക്കുന്ന തുക 2000 ഡോളറായി നിജപ്പെടുത്തും. 130 ലക്ഷം പേർക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. പ്രതിനിധിസഭയിൽ 207ന്‌ എതിരെ 220 വോട്ടിനാണ്‌ ബിൽ പാസായത്‌. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യബലമുള്ള സെനറ്റിൽ ഇത്‌ പാസാക്കാൻ അധ്യക്ഷയായ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്റെ കാസ്‌റ്റിങ്‌ വോട്ട്‌ വേണ്ടിവന്നു. സെനറ്റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ വൻപ്രതിസന്ധിയിലേക്കാകും ബൈഡൻ സർക്കാർ നീങ്ങുക. Read on deshabhimani.com

Related News