നാറ്റോ അംഗത്വം : അപേക്ഷ നൽകി സ്വീഡൻ ;
 എതിർത്ത്‌ തുർക്കി



അങ്കാറ നാറ്റോ അംഗത്വത്തിന്‌ ഔദ്യോഗികമായി അപേക്ഷ നൽകി സ്വീഡൻ. പതിറ്റാണ്ടുകളായുള്ള നിഷ്‌പക്ഷ നിലപാട്‌ വെടിഞ്ഞാണ്‌ നോർഡിക്‌ രാജ്യമായ സ്വീഡൻ ചൊവ്വാഴ്‌ച നാറ്റോയ്‌ക്ക്‌ അപേക്ഷ നൽകിയത്‌. റഷ്യയുടെ അതിർത്തിരാജ്യമായ ഫിൻലൻഡും വൈകാതെ അപേക്ഷ നൽകും. റഷ്യയുടെ കടുത്ത എതിർപ്പും മുന്നറിയിപ്പും അവഗണിച്ചാണ്‌ ഇരുരാജ്യവും നാറ്റോയിൽ ചേരുന്നത്‌. തങ്ങളുടെ അതിർത്തിയിലേക്ക്‌ നാറ്റോ സൈനികശക്തി വിപുലീകരിക്കുന്നതിനെ റഷ്യ കഴിഞ്ഞദിവസം കടുത്ത ഭാഷയിൽ എതിർത്തിരുന്നു. നാറ്റോ വിപുലീകരണം നോക്കിയിരിക്കില്ലെന്നായിരുന്നു പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ പ്രതികരണം. ഫിൻലൻഡും സ്വീഡനും കനത്തവില നൽകേണ്ടി വരുമെന്നും പുടിൻ പറഞ്ഞു. നാറ്റോയിൽ ചേരാൻ ശ്രമിച്ച ഉക്രയ്‌നെതിരെ റഷ്യ യുദ്ധം തുടരുകയാണ്‌. സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരുന്നതിനെതിരെ അംഗരാജ്യമായ തുർക്കിയും രംഗത്തുണ്ട്‌. സിറിയയിലെ സൈനികനടപടിയിൽ പ്രതിഷേധിച്ച്‌ സ്വീഡൻ തുർക്കിക്കെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതാണ്‌ എതിർപ്പിന്‌ കാരണം. രാജ്യത്തുനിന്ന്‌ നാറ്റോ പിന്മാറണമെന്നും സിറിയയിലെ സൈനികനടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ തുർക്കി കമ്യൂണിസ്റ്റ്‌ പാർടി അദാന സൈനിക താവളത്തിന്‌ സമീപം വൻ പ്രതിഷേധം സംഘടിപ്പിച്ചു.   Read on deshabhimani.com

Related News