കീവിൽ ഹെലികോപ്‌ടർ തകർന്നു; ആഭ്യന്തര മന്ത്രി ഉൾപ്പെടെ 14 മരണം



കീവ്‌ ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ ഹെലികോപ്‌ടർ തകർന്നുവീണ്‌ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 14 പേർ മരിച്ചു. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി(42), അദ്ദേഹത്തിന്റെ ഉപമന്ത്രി യെവ്ജനി യെനിൻ, ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറി യുരി ലബ്‌കോവിച്ച്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ മരിച്ചത്‌. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്‌.  ഉക്രയ്‌നിലെ കിഴക്കൻ പ്രവിശ്യയായ ബ്രോവറിയിലെ നഴ്‌സറി കെട്ടിടത്തിന്‌ സമീപമാണ് ഹെലികോപ്ടർ തകർന്നു വീണത്. നഴ്‌സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നാണ്‌ ഒരു കുട്ടി മരിച്ചത്‌. അപകടത്തിൽ പരിക്കേറ്റ 15 കുട്ടികളടക്കം 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്‌ കീവ്‌ പ്രവിശ്യാ ഗവർണർ ഒലെക്‌സി കുലേബ പറഞ്ഞു. മന്ത്രിമാർ ഉൾപ്പടെ ഒമ്പത്‌ പേരാണ്‌ ഹെലികോപ്‌ടറിലുണ്ടായിരുന്നത്‌. അപകടത്തിന്റെ കാരണം വ്യക്തമല്ല. മഞ്ഞുമൂടിയ അന്തരീക്ഷമായിരുന്നു അപകടസമയത്ത്‌. വൈദ്യുതി നിലച്ചതിനാൽ കെട്ടിടങ്ങളിലൊന്നും പ്രകാശവും ഉണ്ടായിരുന്നില്ല. ഈ രണ്ട്‌ സാഹചര്യങ്ങൾ അപകടത്തിലേക്ക്‌ നയിച്ചിരിക്കാമെന്നാണ്‌ നിഗമനം. സൈനിക കാര്യങ്ങളിൽ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കിയുടെ പ്രധാന ഉപദേശകർ കൂടിയായിരുന്നു അപകടത്തിൽ മന്ത്രിച്ച ആഭ്യന്തര മന്ത്രിയും ഉപമന്ത്രിയും. കീവിലെ അപകടത്തിൽ മരിച്ചവർക്ക്‌ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ആദരാഞ്ജലി അർപ്പിച്ചു. ഫോറം പ്രസിഡന്റ് ബോർഗെ ബ്രെൻഡെയുടെ അഭ്യർഥനപ്രകാരം അംഗങ്ങൾ 15 സെക്കൻഡ്‌ മൗനമാചരിച്ചു. Read on deshabhimani.com

Related News