ശ്രീലങ്ക: സോപാധിക പിന്തുണ നൽകി പ്രതിപക്ഷം



കൊളംബോ ശ്രീലങ്കയിൽ ഭരണപ്രതിസന്ധിക്ക്‌ താൽക്കാലിക ശമനം. റനിൽ വിക്രമസിംഗെ സർക്കാരിന്‌ സോപാധിക പിന്തുണ നൽകാൻ പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗായ (എസ്‌ജെബി) തീരുമാനിച്ചു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഇടക്കാല സർക്കാരിനെ പിന്തുണയ്‌ക്കുകയാണെന്ന്‌ എസ്‌ജെബി പ്രസ്‌താവനയിൽ പറഞ്ഞു. എന്നാൽ, മന്ത്രിസ്ഥാനം ഏറ്റെടുക്കില്ല. എംപിമാരെ കൂറുമാറ്റുകയോ പാർടി നയങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്‌താൽ പിന്തുണ പിൻവലിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. നേരത്തേ സർക്കാരിൽ ചേരാനുള്ള റനിൽ വിക്രമസിംഗെയുടെ ക്ഷണം എസ്‌ജെബി നിരസിച്ചിരുന്നു. അതിനിടെ പ്രസിഡന്റിന്‌ അമിതാധികാരം നൽകുന്ന 20 എ വകുപ്പ്‌ എടുത്തുകളയുമെന്ന്‌ പ്രധാനമന്ത്രി വിക്രമസിംഗെ ട്വീറ്റ്‌ ചെയ്‌തു. തിങ്കളാഴ്‌ച വൈകിട്ട്‌ ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്‌ത വിക്രമസിംഗെ എല്ലാ പാർടികളെയും ഉൾപ്പെടുത്തി ദേശീയ അസംബ്ലിയോ രാഷ്‌ട്രീയ സമിതിയോ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. Read on deshabhimani.com

Related News