ജയിച്ചാൽ കാലാവസ്ഥാ കരാറിൽ ചേരും: ബൈഡൻ



വാഷിങ്‌ടൺ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ 2015ലെ പാരിസ്‌ കാലാവസ്ഥാ കരാറിൽ അമേരിക്ക വീണ്ടും ചേരുമെന്ന്‌ ജോ ബൈഡൻ. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്‌ സുപ്രധാന നയപ്രഖ്യാപനം നടത്തുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപാണ്‌ പാരീസ്‌ കരാർ അമേരിക്കയ്‌ക്ക്‌ എതിരാണെന്ന്‌ ആരോപിച്ച്‌ അതിൽനിന്ന്‌ രാജ്യത്തെ പിൻവലിച്ചത്‌. കാർബൺ പുറന്തള്ളൽ കുറയ്‌ക്കാൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന്‌ ബൈഡൻ പറഞ്ഞു. രാജ്യത്താകെ ദേശീയ പാതകളിലും പുതിയ പശ്ചാത്തലസൗകര്യ പരിപാടികളിലുമായി അഞ്ച്‌ ലക്ഷം വൈദ്യുതിവാഹന ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും. ശാസ്‌ത്രത്തെ മാനിക്കുകയും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ള നാശങ്ങൾ ഇപ്പോൾത്തന്നെ ഇവിടെയുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റിനെയാണ്‌ വേണ്ടത്‌. ട്രംപ്‌ നമ്മുടെ മിത്രങ്ങളെ അകറ്റിയെങ്കിൽ താൻ അമേരിക്കയെ വീണ്ടും പാരീസ്‌ കരാറിന്റെ ഭാഗമാക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ അമേരിക്കയുടെ നേതൃത്വം ഉറപ്പാക്കുമെന്നും ബൈഡൻ പറഞ്ഞു. ട്രംപ്‌ കാലാവസ്ഥാ തീവയ്‌പുകാരനാണെന്നും ഡെലവേറിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. അതേസമയം, കാട്ടുതീ വലിയ നാശമുണ്ടാക്കുന്ന കലിഫോർണിയമേഖല സന്ദർശിച്ച ട്രംപ്‌ പതിവുപോലെ ശാസ്‌ത്രവിരുദ്ധ നിലപാട്‌ ആവർത്തിച്ചു. യഥാർഥത്തിൽ ശാസ്‌ത്രത്തിന്‌ അറിയാമെന്ന്‌ താൻ കരുതുന്നില്ലെന്ന്‌ സംസ്ഥാന അധികൃതരുമായി നടത്തിയ സംഭാഷണത്തിൽ ട്രംപ്‌ പറഞ്ഞു. കാട്ടുതീ പടരുന്നതിന്‌ മോശം വനപരിപാലനമാണ്‌ കാരണമെന്ന്‌ ട്രംപ്‌ ആരോപിച്ചു. വനത്തിൽ ഇടയ്‌ക്ക്‌ 50 വാര പ്രദേശത്ത്‌ മരങ്ങൾ വെട്ടിവെളുപ്പിക്കലാണ്‌ കാട്ടുതീ പടരുന്നത്‌ തടയാൻ മാർഗമെന്നും ട്രംപ്‌ പറഞ്ഞു. Read on deshabhimani.com

Related News