തയ്‌വാൻ വിഷയത്തിൽ അതിര്‌ കടക്കരുത്‌ ; ബൈഡനോട്‌ ഷി



നൂസ ഡുവ തയ്‌വാൻ വിഷയത്തിൽ അമേരിക്ക അതിരുകടക്കരുതെന്ന മുന്നറിയിപ്പുമായി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. തയ്‌വാൻ ചൈനയുടെ ഭാഗമാണ്. ഏക ചൈനാ നയം അമേരിക്ക അംഗീകരിച്ചതാണ്‌ ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഷി ബൈഡനെ ഓർമിപ്പിച്ചു. ഇന്തോനേഷ്യയിലെ ബാലിയിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന ജി 20 ഉച്ചകോടിക്ക്‌ മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഷിയുടെ ഓർമപ്പെടുത്തൽ.ചൈനയുടെ എതിർപ്പ്‌ അവഗണിച്ച്‌ യു എസ്‌ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതോടെ ഇരു രാജ്യവും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു. ചൈന ആക്രമിച്ചാൽ തയ്‌വാനെ പ്രതിരോധിക്കാൻ സൈന്യത്തെ അയക്കുമെന്ന്‌ ബൈഡന്‍ വെല്ലുവിളിച്ചിരുന്നു. ഇതിനിടയിലാണ്‌ ഇരു നേതാക്കളും തമ്മിൽ മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്‌. സംഘർഷങ്ങൾ രമ്യമായി പരിഹരിച്ച്‌ സഹകരിക്കാവുന്ന കൂടുതൽ മേഖലകൾ കണ്ടെത്താനാകുമെന്ന്‌ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. മുൻകാലാനുഭവങ്ങൾ പാഠമാക്കി മുന്നേറണമെന്നും ലോകസമാധാനത്തിനായി ചേർന്ന്‌ ശ്രമിക്കണമെന്നും ഷി പറഞ്ഞു. ഉച്ചകോടിയിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാലിയില്‍ എത്തി. 19 രാഷ്ട്രങ്ങളും യൂറോപ്യൻ യൂണിയനുമാണ്‌ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്‌. 10 രാജ്യങ്ങളുടെ പ്രതിനിധികൾ ക്ഷണിതാക്കളായെത്തും. ഉച്ചകോടി ബുധനാഴ്ച സമാപിക്കും. Read on deshabhimani.com

Related News