മെക്‌സിക്കോയിൽ മരണം 35000; ഇറ്റലിയെ മറികടന്നു



മെക്‌സിക്കോസിറ്റി കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന്‌ മെക്‌സിക്കോ നാലാം സ്ഥാനത്ത്‌. മെക്‌സിക്കോയിൽ മരണസംഖ്യ 35000 കടന്നു. പിന്നാലെ ഇറ്റലിയിലും മരണസംഖ്യ 35000 കടന്നിട്ടുണ്ട്‌. ഇറ്റലിയിൽ പ്രതിദിന മരണസംഖ്യ പത്തിൽ താഴെയായപ്പോൾ മെക്‌സിക്കോയിൽ അത്‌ 500ന്‌ മുകളിലാണ്‌. അതേസമയം ഇറാനിൽ മരണസംഖ്യ 13000 കടന്നു. ആഗോളമായി സ്ഥിതി വഷളാവുകയാണെന്ന്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നൽകി. ലാറ്റിനമേരിക്കയിൽ ബ്രസീൽ(73000) കഴിഞ്ഞാൽ ഏറ്റവുമധികം മരണം മെക്‌സിക്കോയിലാണ്‌. അമേരിക്കയും(138000ന്‌ മുകളിൽ) ബ്രിട്ടനുമാണ്‌(44900) മെക്‌സിക്കോയ്‌ക്ക്‌ മുന്നിലുള്ള മറ്റ്‌ രണ്ട്‌ രാജ്യങ്ങൾ. മെക്‌സിക്കോയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം മൂന്ന്‌ലക്ഷം കടന്നു. ഇറാനിലും പ്രതിദിന മരണസംഖ്യ വർധിക്കുകയാണ്‌. 24 മണിക്കൂറിനിടെ 203 പേർ മരിച്ചതായാണ്‌ തിങ്കളാഴ്‌ച അധികൃതർ അറിയിച്ചത്‌. അതേസമയം അമേരിക്കയിൽ ഒറ്റദിവസം ഏറ്റവുമധികം ആളുകൾക്ക്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ റെക്കോഡ്‌ ഫ്‌ളോറിഡയ്‌ക്കായി. ഞായറാഴ്‌ച 15299 പേർക്കാണ്‌ ഇവിടെ രോഗം കണ്ടെത്തിയത്‌. കളിഞ്ഞ ബുധനാഴ്‌ച കാലിഫോർണിയയിൽ കണ്ട 11694 ആയിരുന്നു ഇതിന്‌മുമ്പ്‌ ഉയർന്ന നിരക്ക്‌. ഏപ്രിൽ 15ന്‌ ന്യൂയോർക്കിൽ 11571 പേർക്ക്‌ സ്ഥിരീകരിച്ചതായിരുന്നു അതുവരെ ഏറ്റവും ഉയർന്നത്‌. ജപ്പാനിലെ ഒക്കിനാവയിൽ അമേരിക്കൻ സേനാ ക്യാമ്പുകളിൽ കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 95 ആയി. Read on deshabhimani.com

Related News