യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ ചൈനയുടെ വിലക്ക്‌



ബീജിങ്‌ സിൻജിയാങ്‌ പ്രവിശ്യയിലെ മൂന്ന്‌ ചൈനീസ്‌ നേതാക്കൾക്ക്‌ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന്‌ തിരിച്ചടിയായി മൂന്ന്‌ യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾക്കും ഒരു സ്ഥാനപതിക്കും ചൈന വിലക്ക്‌ ഏർപ്പെടുത്തി. സെനറ്റർമാരായ മാർക്കോ റൂബിയോ, റ്റെഡ്‌ ക്രൂസ്‌, പ്രതിനിധിസഭാംഗം ക്രിസ്‌ സമിത്ത്‌, അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ സ്ഥാനപതി സാമുവൽ ബ്രൗൺബാക്‌ എന്നിവർക്കാണ്‌ ചൈനയിൽ കടക്കുന്നതിന്‌ വിലക്ക്‌. ചൈനയെ സംബന്ധിച്ച യുഎസ്‌ കോൺഗ്രസിന്റെ എക്‌സിക്യൂട്ടീവ്‌ കമീഷനും വിലക്കുണ്ട്‌. തീവ്ര ചൈനാവിരുദ്ധനായ റൂബിയോയുടെ നേതൃത്വത്തിലുള്ളതാണ്‌ ഈ കമീഷൻ. അമേരിക്കൻ രാഷ്‌ട്രീയക്കാരുടെയും പ്രതിനിധികളുടെയും പെരുമാറ്റം അപലപനീയമാണെന്നും അത്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാരമായി തകരാറിലാക്കിയെന്നും ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഹുവാ ചുൻയിങ്‌ പറഞ്ഞു. സിൻജിയാങ്‌ ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാൻ അമേരിക്കയ്‌ക്ക്‌ അവകാശമില്ലെന്നും അവർ വ്യക്തമാക്കി. പരമാധികാരം സംരക്ഷിക്കാനും ഭീകരവാദവും വിഘടനവാദവും ഇല്ലാതാക്കാനുമുള്ള ചൈനാ സർക്കാരിന്റെ ദൃഢനിശ്ചയം അനിഷേധ്യമാണെന്നും ഹുവാ പറഞ്ഞു. അമേരിക്കയിൽ കോവിഡ്‌ നിയന്ത്രിക്കുന്നതിൽ ദാരുണമായി പരാജയപ്പെട്ട ട്രംപ്‌ ഭരണകൂടം ചൈനയെ പഴിച്ച്‌ ശ്രദ്ധ തിരിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ തുടർച്ചയായി ശത്രുതാപരമായ നടപടികൾ. ഹോങ്‌കോങ്ങിൽ ചൈന ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിന്‌ എതിരെയും തിബറ്റിൽ വിദേശ ഇടപെടൽ തടഞ്ഞതിനെതിരെയും അടുത്തിടെ യുഎസ്‌ പ്രതികാര നടപടികൾ ഉണ്ടായിരുന്നു. ഓരോന്നിനും തത്തുല്യമായ തിരിച്ചടി എന്നതാണ്‌ ചൈനയുടെ നിലപാട്‌. Read on deshabhimani.com

Related News