ചൈന, അമേരിക്ക, യുഎഇ‌ പേടകങ്ങൾ ചൊവ്വയിലേക്ക്‌



കേപ് കനാവറൽ ചൊവ്വയിലെ ജീവസാന്നിധ്യം തേടി ചൈനയും അമേരിക്കയും യുഎഇയും. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ചൊവ്വയിലേക്ക്‌ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ മൂന്ന്‌ രാജ്യവും. പുരാതനകാലത്ത്‌ ഗ്രഹത്തിലുണ്ടായിരുന്ന സൂക്ഷ്‌മാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിലൂടെ ഭാവിയിൽ ബഹിരാകാശ യാത്രികരെ അയക്കുന്നതിനുള്ള സാധ്യതയും ഇവ പരിശോധിക്കും. 48.3 കോടി കിമീ ദൂരം സഞ്ചരിച്ച്‌ 2021 ഫെബ്രുവരിയോടെ പേടകങ്ങൾ ചൊവ്വയിലെത്തുമെന്നാണ്‌ കണക്കുകൂട്ടൽ. സൂര്യന്റെ ഒരു വശത്ത്‌ ഭൂമിയും ചൊവ്വയും ഏകദേശം ഒരേ വരിയിൽ എത്തുന്നതിനാൽ ജൂലൈയിൽ ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം കുറവായിരിക്കും. അതിനാൽ യാത്രാസമയം കുറയുമെന്നതും പേടകങ്ങൾക്ക് അധിക ഇന്ധനം ചെലവാകില്ലെന്നതുമാണ്‌ മൂന്നുരാജ്യങ്ങളും വിക്ഷേപണത്തിന്‌ ജൂലൈ തെരഞ്ഞെടുക്കാൻ കാരണം.‌ 26 മാസത്തിൽ ഒരുതവണയാണ്‌ ഇങ്ങനെ സംഭവിക്കുക. കൊളറാഡോ ബൗൾഡർ സർവകലാശാലയുമായി ചേർന്ന്‌ നിർമിച്ച “അമൽ’ (പ്രത്യാശ) എന്ന ബഹിരാകാശ പേടകം രാജ്യത്തിന്റെ 50–-ാമത്‌ വാർഷികത്തോടനുബന്ധിച്ച്‌ ചൊവ്വയിലെത്തിക്കാനാണ്‌ യുഎഇയുടെ ശ്രമം. ബുധനാഴ്ച പേടകം വിക്ഷേപിക്കും. ടിയാൻവെൻ എന്ന ചൈനയുടെ പേടകം 23ന്‌‌ വിക്ഷേപിക്കുമെന്നാണ്‌ റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ ചൈന വെളിപ്പെടുത്തിയിട്ടില്ല.  കാറിന്റെ വലിപ്പമുള്ള ആറുചക്രമുള്ള പെർസെവിയറൻസ്‌ എന്ന പേടകം‌ അമേരിക്ക 30നാണ്‌‌ വിക്ഷേപിക്കുക. ചൊവ്വയിലെത്തി കല്ലുകളുടെ സാമ്പിൾ ശേഖരിക്കുകയാണ്‌ പേടകത്തിന്റെ ദൗത്യം. ഇതിലൂടെ ഒരുപതിറ്റാണ്ടുകാലത്തെ ചരിത്രം കണ്ടെത്താനാകും. ലക്ഷം കോടി വർഷങ്ങൾക്കുമുമ്പ്‌ സമുദ്രവും പുഴയും തടാകങ്ങളും ഉണ്ടായിരുന്ന ചൊവ്വയിൽ സൂക്ഷ്‌മജീവികളുടെ സാന്നിധ്യം എങ്ങനെയായിരുന്നുവെന്ന്‌ അറിയുകയാണ്‌ ശാസ്‌ത്രലോകത്തിന്റെ ലക്ഷ്യം. ഇതുവരെ അമേരിക്കമാത്രമാണ്‌ ചൊവ്വയിൽ പേടകം ഇറക്കിയിട്ടുള്ളത്‌. എട്ട്‌ തവണ. മറ്റ്‌ രാജ്യങ്ങളുടെ പേടകങ്ങൾ ചൊവ്വയുടെ ഭ്രമണപഥത്തിൽ കടന്നിട്ടുണ്ടെങ്കിലും ഗ്രഹത്തിൽ പ്രവേശിച്ചിട്ടില്ല. Read on deshabhimani.com

Related News