അഫ്‌ഗാൻ: അമേരിക്കയ്ക്കെതിരെ വീണ്ടും ഇമ്രാൻ



കാബൂൾ ഇരുപത്‌ വർഷത്തെ യുദ്ധത്തിനൊടുവിൽ അഫ്‌ഗാനിസ്ഥാനിൽ തങ്ങൾ അവശേഷിപ്പിച്ച  പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ അമേരിക്ക പാകിസ്ഥാനെ ഉപയോഗിക്കുന്നെന്ന്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നയതന്ത്രബന്ധം ഉൾപ്പെടെ മറ്റു വിഷയങ്ങളിൽ യുഎസ്‌ ഇന്ത്യക്ക്‌ മുൻതൂക്കം നൽകുന്നു. സൈനികമായ പരിഹാരം സാധ്യമല്ലാത്തിടത്ത്‌ അതിന്‌ ശ്രമിച്ചതാണ്‌ അമേരിക്കയുടെ പിഴവെന്നും ഇമ്രാൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. അഫ്‌ഗാൻ സർക്കാരുമായി ചർച്ച നടത്താൻ പാകിസ്ഥാൻ താലിബാനുമേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി അധികാരത്തിൽ തുടരുന്നിടത്തോളം രാഷ്ട്രീയ പരിഹാരത്തിന്‌ താലിബാൻ തയ്യാറാകില്ല. ഗനിയുടേത്‌ പാവ സർക്കാരാണെന്നാണ്‌ താലിബാന്റെ അഭിപ്രായം. അമേരിക്ക സൈന്യത്തെ പിൻവലിച്ചത്‌ പ്രശ്‌നം പെട്ടെന്ന്‌ വഷളാക്കി. പാകിസ്ഥാനിൽ അമേരിക്കൻ സൈനികത്താവളം അനുവദിക്കില്ല. 2001ൽ അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക  ആരംഭിച്ച  ആക്രമണത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത ഇമ്രാൻ, വിഷയത്തിൽ അമേരിക്കയ്ക്ക്‌ പിഴച്ചെന്നും തുറന്നടിച്ചിരുന്നു. അതേസമയം, അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ മാറ്റമില്ലെന്ന്‌ ആവർത്തിക്കുകയാണ്‌ വൈറ്റ്‌ ഹൗസ്‌. തങ്ങളുടെ രാജ്യത്തിനായി പൊരുതാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടോയെന്ന്‌ അഫ്‌ഗാൻ നേതൃത്വം തീരുമാനിക്കണമെന്ന്‌ പ്രസ്‌ സെക്രട്ടറി ജെൻ പിസാകി പറഞ്ഞു. പൊരുതാനുള്ള വിഭവങ്ങൾ അഫ്‌ഗാൻ സൈന്യത്തിനുണ്ടെന്നും അവർ പറഞ്ഞു. അവിടെനിന്ന്‌ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ തീരുമാനമായിട്ടില്ല. അമേരിക്കയുടെ പ്രത്യേക ദൂതൻ സാൽമേ ഖലിൽസാദ്‌ ദോഹയിൽ ചൈന, പാക്‌, റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തി. അതേസമയം, തങ്ങളുടെ കാബൂൾ എംബസിയിൽ ജോലി ചെയ്തിരുന്ന അഫ്‌ഗാൻകാരെയും ഒഴിപ്പിച്ച്‌ രാജ്യത്തേക്ക്‌ കൊണ്ടുവരാൻ ഡെന്മാർക്ക്‌ സർക്കാർ തീരുമാനിച്ചു. താലിബാൻ അധികാരത്തിലെത്തിയാൽ അഫ്‌ഗാനിസ്ഥാന്‌ നൽകിവന്ന സാമ്പത്തികസഹായം നിർത്തുമെന്ന്‌ ജർമനി വ്യക്തമാക്കി. Read on deshabhimani.com

Related News