സൗദി വ്യവഹാരം: രാജ്യരഹസ്യങ്ങള്‍ 
പരസ്യമാകുമെന്ന്‌ യുഎസിന്‌ ആശങ്ക ; അപൂര്‍വ ഇടപെടലിന് ഒരുങ്ങുന്നു



ദുബായ് അമേരിക്കയിലെയും ക്യാനഡയിലെയും കോടതികളിൽ സൗദി മുൻ രഹസ്യാന്വേഷണ മേധാവി സാദ് അൽ ജാബ്രിക്കെതിരെയുള്ള കേസുകളിൽ അപൂർവ ഇടപെടലിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി കിരീടാവകാശിയും മുൻ രഹസ്യാനേഷ്വണ മേധാവിയും കൊമ്പുകോർക്കുന്നത് അമേരിക്കയുടെ അതീവ രഹസ്യങ്ങൾ വെളിവാക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ഇടപെടലിന് പ്രേരകമെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സാദ് അൽ ജാബ്രിക്കെതിരെ സൗദി ഉടമസ്ഥതയിലുള്ള രണ്ട് കമ്പനിയാണ് അഴിമതി ആരോപിച്ച് യുഎസിലെയും ക്യാനഡയിലെയും കോടതികളിൽ കേസ് നൽകിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അൽ ജാബ്രിയും തമ്മിൽ ദീർഘകാലമായുള്ള  വൈരത്തിലെ പുതിയ വഴിത്തിരിവാണ് ഈ കേസുകൾ. മുൻ കിരീടാവകാശി മുഹമ്മദ് ബിൻ നയിഫ് രാജകുമാരന്റെ അടുത്ത അനുയായിയാണ് അൽ ജാബ്രി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നയിഫ് രാജകുമാരൻ ജയിലിലാണെന്നാണ് റിപ്പോർട്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി അൽ ജാബ്രി അടുത്തു പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിനെതിരായ നിയമ നടപടി ഉന്നതരിലേക്ക് വെളിച്ചം വീശിയേക്കുമെന്നും തങ്ങളുടെ രഹസ്യവിവരങ്ങൾ പുറംലോകം അറിഞ്ഞേക്കുമെന്നും അമേരിക്ക ഭയപ്പെടുന്നു.ദേശീയ സുരക്ഷാ പ്രവർത്തന വിവരങ്ങൾ വെളിപ്പെടുത്താൻ അൽ ജാബ്രി ഉദ്ദേശിക്കുന്നതായി യുഎസ് നീതിന്യായവകുപ്പ് ഏപ്രിലിൽ മാസച്യുസെറ്റ്‌സ് കോടതിയെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷാകാര്യങ്ങളിൽ സങ്കീർണമായ വിധിന്യായങ്ങൾ ആവശ്യമായതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ടു. രഹസ്യമായി കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചു. അമേരിക്കൻ സർക്കാരിന്റെ പ്രത്യേകാവകാശം ഉയർത്തിപ്പിടിച്ച് കേസിൽ എങ്ങനെ ഇടപെടാമെന്നത് പരിഗണിക്കുകയാണെന്ന് കോടതിയിൽ  നീതിന്യായവകുപ്പ് വ്യക്തമാക്കി. Read on deshabhimani.com

Related News