ആറാം പ്രവിശ്യയും പിടിച്ച്‌ താലിബാൻ ; കുണ്ടുസ്‌ തിരിച്ചുപിടിക്കാൻ സൈന്യം



കാബൂൾ അഫ്‌ഗാനിസ്ഥാനിൽ നാലുദിവസത്തിനിടെ താലിബാൻ പിടിച്ചെടുത്ത പ്രവിശ്യകൾ ആറായി. തിങ്കളാഴ്ച സമൻഗൻ പ്രവിശ്യയുടെ തലസ്ഥാനം അയ്‌ബക്‌ പിടിച്ചെടുത്തതായി താലിബാൻ ട്വീറ്റ്‌ ചെയ്തു. ഗവർണറുടെ ഓഫീസും ഇന്റലിജൻസ്‌ ഡയറക്ടറേറ്റ്‌, പൊലീസ്‌ ആസ്ഥാനം എന്നിവയുൾപ്പെടെ മറ്റ്‌ സർക്കാർ ഓഫീസുകളും പിടിച്ചെടുത്തു. ഇതോടെ ഗവർണർ പ്രദേശത്തുനിന്ന്‌ സൈന്യത്തെ പിൻവലിച്ച്‌ കൊഹെ ബസ്ത്‌ പ്രദേശത്തേക്ക്‌ രക്ഷപ്പെട്ടു. കുണ്ടുസ്‌, തഖാർ, ജോവ്‌സ്‌ജാൻ, നിംറുസ്‌, സാർ–- ഇ–- പുൽ പ്രവിശ്യാ തലസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ പിടിച്ചെടുത്തിരുന്നു. ഹെറാത്‌, കാണ്ഡഹാർ, ഹെൽമണ്ട്‌ പ്രവിശ്യകളും ഇവരുടെ നിയന്ത്രണത്തിലാണ്‌. വടക്കൻ അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരം മസാരി ഷരീഫാണ്‌ അടുത്ത ലക്ഷ്യമെന്ന്‌ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്‌. വടക്കൻ പ്രവിശ്യകൾ ബാൽഖ്‌, ബദാക്ഷൺ, പഞ്ച്‌ഷിർ എന്നിവയിലും മുന്നേറ്റം തുടരുന്നു. ഉസ്‌ബക്കിസ്ഥാൻ അതിർത്തിയിലെ പൂൽകുംറിയിലും പോരാട്ടം ശക്തിപ്രാപിക്കുന്നു. കുണ്ടുസ്‌ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ സൈന്യം. ഇവിടത്തെ വിമാനത്താവളവും ചുരുക്കം കേന്ദ്രങ്ങളും ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്‌. സംഘർഷത്തിൽ 72 മണിക്കൂറിനിടെ മൂന്നു പ്രവിശ്യയിൽ മാത്രം 27 കുട്ടികൾ കൊല്ലപ്പെട്ടെന്ന്‌ യൂണിസെഫ്‌ റിപ്പോർട്ട്‌ ചെയ്തു. 136 കുട്ടികൾക്ക്‌ പരിക്കേറ്റു. അഫ്‌ഗാനിൽനിന്ന്‌ പിൻവലിച്ച സൈന്യത്തെ താലിബാനെ നേരിടാൻ തിരികെ അയക്കണമെന്ന ആവശ്യം ജർമനി തള്ളി. പാകിസ്ഥാൻ യോഗം വിളിക്കും അഫ്‌ഗാൻ വിഷയത്തിൽ മേഖലയിലെ വിദേശമന്ത്രിമാരുടെ യോഗം വിളിക്കാൻ പാകിസ്ഥാൻ. താലിബാനും സൈന്യവും തമ്മിൽ തുടരുന്ന സംഘർഷം ആഭ്യന്തരയുദ്ധമായി മാറാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്‌. റഷ്യ, ചൈന, ഇറാൻ, തുർക്കി വിദേശമന്ത്രിമാർ പങ്കെടുക്കും. തീയതിയും പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയുമായില്ല. ഇന്ത്യക്ക്‌ ക്ഷണമുണ്ടാകുമോ എന്നും അറിവായിട്ടില്ല. ഇന്ത്യ നയിക്കുന്ന യുഎൻ രക്ഷാസമിതി കഴിഞ്ഞദിവസം വിഷയം ചർച്ച ചെയ്തപ്പോൾ പാകിസ്ഥാനെ ക്ഷണിച്ചിരുന്നില്ല. ജൂലൈയിൽ അഫ്‌ഗാൻ സമാധാന ഉച്ചകോടി നടത്തുമെന്ന്‌ പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അഫ്‌ഗാൻ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഘാനി പ്രതിനിധിസംഘത്തെ അയക്കില്ലെന്ന്‌ പ്രഖ്യാപിച്ചതോടെ മാറ്റിവച്ചിരുന്നു. Read on deshabhimani.com

Related News