ഉക്രയ്‌ന്‍ ധാന്യക്കയറ്റുമതി : സമുദ്രപാത ഒരുക്കാമെന്ന് 
റഷ്യ, തുർക്കിയ



അങ്കാര ഉക്രയ്‌നിൽനിന്ന്‌ ധാന്യക്കയറ്റുമതിക്ക്‌ സുരക്ഷിത സമുദ്രപാത ഒരുക്കുന്നതിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ റഷ്യയും തുർക്കിയയും. തുർക്കിയയിലെത്തിയ റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവും തുർക്കിയ വിദേശ മന്ത്രി മെവ്‌ലൂട്ട്‌ കൊവുസോഗ്ലുവുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. പകരമായി റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ്‌ നൽകണമെന്നും ആവശ്യപ്പെട്ടു. ഉക്രയ്ന്‍  തുറമുഖങ്ങളിൽ സ്ഥാപിച്ച മൈനുകള്‍ നീക്കണം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഉക്രയ്‌നിലെ കരിങ്കടൽ തുറമുഖങ്ങളിലൂടെ 2.2 കോടി ടൺ ധാന്യം കയറ്റുമതി ചെയ്യാൻ വഴിയൊരുക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശത്തിലായിരുന്നു ചര്‍ച്ച. സുരക്ഷിതപാത തുറക്കുന്നതോടെ റഷ്യക്കും ഇതുവഴി ഭക്ഷ്യവസ്തുക്കളും വളവും കയറ്റുമതി ചെയ്യാനാകും. അതേസമയം, മരിയൂപോളിൽനിന്ന്‌ പിടിയിലായ ആയിരത്തിലധികം ഉക്രയ്‌ൻ സൈനികരെ റഷ്യയിലേക്ക്‌ മാറ്റുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. പിടിയിലായ മൂന്ന്‌ റഷ്യൻ സൈനികരെ ഉക്രയ്‌ൻ കോടതികൾ വിചാരണ ചെയ്ത്‌ ജയിലിലടച്ചിരുന്നു. കിഴക്കൻ നഗരം സെവറോഡൊണെട്‌സ്കിൽ പോരാട്ടം അന്തിമഘട്ടത്തിലാണ്‌. ഇവിടെനിന്ന്‌ പിന്മാറാൻ ഒരുങ്ങിയ നിലയിലാണ്‌ ഉക്രയ്‌ൻ സൈന്യം. ഇതോടെ ഡോൺബാസിന്റെ രണ്ട്‌ മേഖലകളിൽ ഒന്നായ ലുഹാൻസ്ക്‌ പൂർണമായും റഷ്യൻ കൈപ്പിടിയിലായി. Read on deshabhimani.com

Related News