നോർഡ്‌ സ്ട്രീം സ്ഫോടനം ; പിന്നിൽ ഉക്രയ്‌ൻ 
സംഘമെന്ന്‌ യുഎസ്



വാഷിങ്‌ടൺ റഷ്യയിൽനിന്ന്‌ പടിഞ്ഞാറൻ യൂറോപ്പിലേക്ക്‌ പ്രകൃതിവാതകം എത്തിക്കുന്ന നോർഡ്‌ സ്ട്രീം പൈപ്പ്‌ലൈനിലുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ ഉക്രയ്‌ൻ അനുകൂല സംഘമെന്ന്‌ അമേരിക്ക. ഏറ്റവും പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ്‌ വിവരമെന്നും ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്തു. റഷ്യയുടെ പ്രധാന വരുമാനമാർഗം തടസ്സപ്പെടുത്തുകവഴി ഉക്രയ്‌ന്‌ ഗുണം ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സംഭവവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഉക്രയ്‌ൻ. വിവിധ രാജ്യങ്ങൾ പരസ്പര ധാരണയോടെയാണ്‌ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിട്ടതെന്നും ശ്രദ്ധ വഴിതിരിച്ചുവിടാനാണ്‌ ശ്രമമെന്നും റഷ്യ പ്രതികരിച്ചു. ഉക്രയ്‌ൻ യുദ്ധം തുടങ്ങി ഏഴുമാസത്തിനുശേഷം സെപ്തംബർ 26നാണ്‌ റഷ്യയ്ക്കും ജര്‍മനിക്കും ഇടയില്‍ ബാള്‍ട്ടിക് കടലിടുക്കില്‍ പൈപ്പ് ലൈനില്‍ സ്ഫോടനമുണ്ടായത്. അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. സംഭവത്തിൽ ജർമൻ, സ്വീഡൻ, ഡെന്മാർക്ക്‌ തുടങ്ങിയ രാജ്യങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com

Related News