ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയർ അന്തരിച്ചു

ഡൊമിനിക് ലാപിയർ - photo credit: Twitter


പാരിസ്‌ ഇന്ത്യൻ സ്വാതന്ത്ര്യലഭ്യതയും അതിന്റെ പിന്നാമ്പുറവും ലോകത്തിന്‌ വെളിപ്പെടുത്തിയ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന പുസ്‌തകത്തിന്റെ സഹരചയിതാവും ലോക പ്രശസ്‌ത ഫ്രഞ്ച്‌ എഴുത്തുകാരനുമായ ഡൊമിനിക്‌ ലാപിയർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ ഡൊമിനിക് കൊങ്കോൺ ലാപിയറാണ് ഞായറാഴ്‌ച മരണവാര്‍ത്ത അറിയിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരവും വിഭജനവും അനാവരണം ചെയ്‌ത്‌ ലാറി കോളിന്‍സുമായി ചേര്‍ന്നാണ്‌ ലാപിയര്‍  ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ രചിച്ചത്‌.  കൊല്‍ക്കത്തയിലെ ജീവിതത്തെക്കുറിച്ചെഴുതിയ ‘സിറ്റി ഓഫ്‌ ജോയ്‌’ എന്ന പുസ്‌തകവും പ്രശസ്‌തമാണ്‌. ഭോപാൽ ദുരന്തത്തെക്കുറിച്ച്‌ ഗവേഷണം നടത്തി ‘ഫൈവ്‌ പാസ്റ്റ്‌ മിഡ്‌നൈറ്റ്‌ ഇൻ ഭോപാൽ’ എന്ന പുസ്‌തകമെഴുതി. അതിനായി, 1990കളിൽ മൂന്നുവർഷത്തോളം ഭോപാലിൽ താമസിച്ചു. ഇന്ത്യയിലെ ജീവകാരുണ്യ പദ്ധതികളെ പിന്തുണയ്ക്കാൻ റോയൽറ്റിയിൽനിന്ന്‌ വലിയൊരു തുക ലാപിയർ നീക്കിവച്ചിരുന്നു. 2008ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ചു. എ ഡോളർ ഫോർ എ തൗസൻഡ് കിലോമീറ്റേഴ്സാണ് ആദ്യ രചന. ലാറി കോളിൻസുമായി ചേർന്ന്‌ എഴുതിയ ഈസ്‌ പാരിസ്‌ ബേണിങ്‌ (1965), ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിങ്‌ (1968), ഒ ജറുസലേം (1972),  ദ ഫിഫ്‌ത്‌ ഹോഴ്‌സ്‌മെൻ (1980) തുടങ്ങിയവ ലോകശ്രദ്ധ നേടിയ കൃതികളാണ്‌. 1931ൽ ഫ്രാൻസിലെ ഷാതുലിയുൻ പ്ലാസിലാണ്‌ ജനനം. പിന്നീട്‌ അച്ഛനൊപ്പം അമേരിക്കയിലേക്കുമാറി. അവിടെയായിരുന്നു വിദ്യാഭ്യാസം. Read on deshabhimani.com

Related News